മനുഷ്യാവകാശ ലംഘനങ്ങളുടെ ഏറ്റവും വലിയ കാരണം ഭീകരവാദം; വേരോടെ പിഴുതെറിയണമെന്ന് അമിത് ഷാ

ന്യൂഡൽഹി: മനുഷ്യാവകാശ ലംഘനങ്ങളുടെ ഏറ്റവും വലിയ കാരണം ഭീകരവാദമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തീവ്രവാദികൾക്കെതിരെ നടപടിയെടുക്കുമ്പോൾ ചിലർ മനുഷ്യാവകാശ പ്രശ്‌നങ്ങൾ ഉന്നയിച്ച് രംഗത്തെത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ അന്വേഷണ ഏജൻസിയുടെ പതിമൂന്നാം സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ തീവ്രവാദത്തെ വേരോടെ പിഴുതെറിയേണ്ടത് വളരെ അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തീവ്രവാദ ഫണ്ടിംഗിനെതിരെ സർക്കാർ സ്വീകരിച്ച നടപടികൾ ജമ്മു കശ്മീർ പ്രദേശത്ത് തീവ്രവാദം തടയുന്നതിനെ ഒരുപാട് സഹായിച്ചു. ഭീകരവാദത്തേക്കാൾ വലിയ മനുഷ്യാവകാശ ലംഘനം ഉണ്ടെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭീകരതയോട് സഹിഷ്ണുതയില്ലാത്ത നയമാണ് നരേന്ദ്ര മോദി സർക്കാർ സ്വീകരിക്കുന്നത്. ഇന്ത്യയിൽ നിന്നും തീവ്രവാദത്തെ വേരോടെ പിഴുതെറിയാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും അമിത് ഷാ അറിയിച്ചു. അതേസമയം ജമ്മു കശ്മീരിലെ ഭീകരർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന് അദ്ദേഹം ദേശീയ അന്വേഷണ ഏജൻസിയ്ക്ക് പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.