സഹകരണ ബാങ്കുകളില്‍ ഒഴിവുകള്‍; അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് സഹകരണ സർവീസ് പരീക്ഷാ ബോർഡ്. 242 ഒഴിവുകളാണുള്ളത്. ഇതിൽ 222 ഒഴിവുകൾ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലാണ്. സെക്രട്ടറി-1, അസിസ്റ്റന്റ് സെക്രട്ടറി-5, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ-8, ഡേറ്റ എൻട്രി ഓപ്പറേറ്റർ-6 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകളുള്ള തസ്തികകൾ.

പരീക്ഷാ ബോർഡ് നടത്തുന്ന ഒ.എം.ആർ. പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം നടത്തുന്നത്. 80 മാർക്കിനാണ് ഒ.എം.ആർ. പരീക്ഷ. ഒരു സംഘം/ബാങ്കിന്റെ യോഗ്യതാലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥിക്ക് പ്രസ്തുത സംഘത്തിലെ അഭിമുഖം പരമാവധി 15 മാർക്കിന് ആയിരിക്കും. അഭിമുഖത്തിന് മിനിമം മൂന്ന് മാർക്ക് ലഭിക്കും. ബാക്കി 12 മാർക്ക് അഭിമുഖത്തിലെ പ്രകടനത്തിനാണ്.

ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിൽ എസ്.എസ്.എൽ.സി. അഥവാ തത്തുല്യ യോഗ്യതയും സബോർഡിനേറ്റ് പേഴ്‌സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) അടിസ്ഥാന യോഗ്യതയായിരിക്കും. കാസർകോട് ജില്ലയിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് പ്രസ്തുത ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിന് കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്‌സ് (ജി.ഡി.സി.), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി.) തുല്യമായ അടിസ്ഥാന യോഗ്യതയായിരിക്കും. സഹകരണം ഐച്ഛിക വിഷയമായി എടുത്ത ബി.കോം. ബിരുദം, അല്ലെങ്കിൽ ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദവും സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി. അല്ലെങ്കിൽ എച്ച്.ഡി.സി. ആൻഡ് ബി.എം., അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ- ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി. അല്ലെങ്കിൽ എച്ച്.ഡി.സി.എം.) അല്ലെങ്കിൽ വിജയകരമായി പൂർത്തീകരിച്ച സബോർഡിനേറ്റ് പേഴ്‌സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ), അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബി.എസ്സി. (സഹകരണം & ബാങ്കിങ്) ഉള്ളവർക്കും അപേക്ഷ സമർപ്പിക്കാം.

ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ അപേക്ഷ സമർപ്പിക്കുന്നവർ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം നേടിയിരിക്കണം. കേരള/കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ഡേറ്റാ എൻട്രി കോഴ്സ് പാസായ സർട്ടിഫിക്കറ്റും ഒരു അംഗീകൃത സ്ഥാപനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ജോലിചെയ്ത ഒരുവർഷത്തെ പ്രവൃത്തി പരിചയവും വേണം. വിശദമായ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും www.csebkerala.org യിൽ ലഭ്യമാണ്. ഓരോ തസ്തികയിലേക്കുമുള്ള അപേക്ഷകൾ പ്രത്യേകം കവറുകളിലാക്കി നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം 695001 എന്ന വിലാസത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മേയ് 11 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.