കോവിഡ് രോഗബാധിതനാണോ എന്ന് കണ്ടെത്താൻ സഹായിക്കുന്ന സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ വികസിപ്പിച്ച് ഗവേഷകർ. റെസ് ആപ്പ് എന്നാണ് ഈ ആപ്ലിക്കേഷന്റെ പേര്. മെഷീൻ ലേണിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിങ്ങളുടെ ചുമയുടെ ശബ്ദം വിശകലനം ചെയ്താണ് കോവിഡ് രോഗബാധിതനാണോയെന്ന് കണ്ടെത്തുന്നത്.
ആന്റിജൻ, പി സി ആർ പരിശോധനകളിൽ മേലുള്ള അമിത ആശ്രിതത്വം അവസാനിപ്പിക്കണമെന്ന് റെസ് ആപ്പിന്റെ കോവിഡ് ഉപദേശക സമിതി അംഗമായിരുന്ന പ്രൊഫസർ കാതറിൻ ബെന്നറ്റ് അറിയിച്ചു. കോവിഡ് വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ മെച്ചപ്പെട്ട പരിശോധനാ സംവിധാനങ്ങൾ ഉണ്ടാകണമെന്നും കാതറിൻ വ്യക്തമാക്കി.
741 രോഗികളെയാണ് മെഷീൻ ലേണിങ് സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഈ ആപ്ലിക്കേഷന്റെ പരീക്ഷണത്തിൽ പങ്കെടുപ്പിച്ചിരുന്നത്.
ഇതിൽ 446 പേർ കോവിഡ് രോഗികളായിരുന്നു. പരീക്ഷണത്തിൽ പങ്കെടുത്ത ഓരോരുത്തരും ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ സർവേയ്ക്ക് വിധേയരാവുകയും ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത സ്മാർട്ട് ഫോണിലേക്ക് ചുമക്കുകയും ചെയ്തു.
പരീക്ഷണത്തിൽ പങ്കെടുത്ത 92 ശതമാനം ആളുകളിലും കോവിഡിന്റെ സാന്നിധ്യം കൃത്യമായി കണ്ടെത്താൻ കഴിഞ്ഞു എന്നാണ് പരീക്ഷണ ഫലം വ്യക്തമാക്കുന്നത്.
തുടർ പരീക്ഷണത്തിന്റെ ഭാഗമായി 1007 പേരിലും പരീക്ഷണം നടത്തിയിരുന്നു. ചുമ, ശ്വാസ സംബന്ധമായ അസുഖങ്ങൾ, ന്യൂമോണിയ, ശ്വാസനാളത്തിലെ അണുബാധ തുടങ്ങിയ രോഗങ്ങൾ ഉള്ളവരിൽ പരീക്ഷണം നടത്തി കോവിഡിനെ മാത്രമായി തിരിച്ചറിയാൻ കഴിയുമോ എന്ന് പരിശോധിക്കാൻ ആയിരുന്നു തുടർ പരീക്ഷണങ്ങൾ നടന്നത്. ഈ പരീക്ഷണങ്ങളിൽ റെസ് ആപ്പ് 90 ശതമാനം കൃത്യത പുലർത്തിയെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

