തിരുവനന്തപുരം: താമരശ്ശേരിയിൽ ഡിവൈഎഫ്ഐ നേതാവിന്റെ മിശ്രവിവാഹവുമായി ബന്ധപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ ജോർജ് എം തോമസിന്റെ പ്രസ്താവനക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജോർജ് എം തോമസിന്റെ പരാമർശം പാർട്ടി വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ജോർജിനെചതിരെ പാർട്ടി തലത്തിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ജോർജ് എം. തോമസ് പരസ്യമായി നടത്തിയ പ്രസ്താവന പാർട്ടി നിലപാടുകൾക്ക് വിരുദ്ധമാണ്. ആ നിലപാടിനെ പാർട്ടി ജില്ലാ സെക്രട്ടറി പിറ്റേ ദിവസം തന്നെ തള്ളിപ്പറഞ്ഞിരുന്നു. ഈ വിഷയത്തിൽ ജോർജ് എം. തോമസ് സ്വീകരിച്ച പരസ്യമായ നിലപാട് വിലയിരുത്തി ആവശ്യമായ കാര്യം പാർട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. എകെജി സെന്ററിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഉന്നത വിദ്യാഭ്യാസം നേടിയ യുവതികളെ പ്രേമം നടിച്ച് മതംമാറ്റാൻ നീക്കം നടക്കുന്നതായി പാർട്ടി രേഖകളിൽ ഉണ്ടെന്നായിരുന്നു ജോർജ് എം തോമസിന്റെ പ്രസ്താവന. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

