മുൻപ് ചെയ്ത തെറ്റുകൾ ആവർത്തിക്കാൻ സാദ്ധ്യതയുണ്ട്; പി ശശിയെ നിയമിച്ചതിനെതിരെ എതിർപ്പുമായി പി ജയരാജൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശിയെ നിയമിച്ചതിനെതിരെ എതിർപ്പുമായി സിപിഎം നേതാവ് പി ജയരാജൻ. ഇക്കാര്യത്തിൽ സി പി എം സംസ്ഥാന സമിതിയിൽ ജയരാജൻ തന്റെ എതിർപ്പ് അറിയിച്ചു. പി ശശി മുൻപ് ചെയ്ത തെറ്റുകൾ ആവർത്തിക്കാൻ സാദ്ധ്യതയുണ്ടെന്നും നിയമനത്തിൽ ജാഗ്രതയും സൂക്ഷ്മതയും വേണമെന്നും പി ജയരാജൻ അഭിപ്രായപ്പെട്ടു.

അതേസമയം, വിവരങ്ങൾ നേരത്തെ തന്നെ അറിയിക്കണമായിരുന്നെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. സംസ്ഥാന സമിതിയംഗമായ താൻ കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്യുമ്പോഴാണ് അഭിപ്രായങ്ങൾ പറയുന്നതെന്നും തീരുമാനം പുനപരിശോധിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. എന്നാൽ സംസ്ഥാന സമിതിയോഗം ജയരാജന്റെ എതിർപ്പ് നിലനിൽക്കെ പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി തീരുമാനിക്കുകയായിരുന്നു.

ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ പി ശശി പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഈ പരിചയവും പിണറായിക്കുള്ള വിശ്വസ്തതയുമാണ് പി ശശിക്ക് അനുകൂലഘടകമായത്.