അമിത വിലയുടെ ഉല്‍പന്നങ്ങള്‍; ആംവേ ഇന്ത്യയുടെ 757 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

ന്യൂഡല്‍ഹി: മാര്‍ക്കറ്റിങ് അഴിമതിയുമായി ബന്ധപ്പെട്ട് മള്‍ട്ടിലെവല്‍ സ്ഥാപനമായ ആംവേ ഇന്ത്യയുടെ 757.77 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. തമിഴ്‌നാട്ടിലെ ഡിണ്ടിഗലിലുള്ള ആംവേയുടെ ഫാക്ടറി, പ്ലാന്റുകള്‍, യന്ത്രങ്ങള്‍, വാഹനങ്ങള്‍ എന്നിവയും ആംവേയുടെ ബാങ്ക് അക്കൗണ്ടുകളും സ്ഥിര നിക്ഷേപങ്ങളും കണ്ടുകെട്ടിയിട്ടുണ്ട്. 411.83 കോടി രൂപയുടെ വസ്തുവകകളും 36 വത്യസ്ത ബാങ്ക് അക്കൗണ്ടുകളിലായി നിക്ഷേപിച്ചിരുന്ന 345.94 കോടി രൂപയുമാണ് പിടിച്ചെടുത്തത്.

വിപണിയിലുള്ള മറ്റു മികച്ച ബ്രാന്റുകളുടെ വിലയേക്കാള്‍ വലിയ വിലയിലാണ് ആംവേ വില്‍പ്പന നടത്തിയത്. വന്‍വില നല്‍കി ആംവേ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ആളുകളെ വിപണന രംഗത്ത് ചേര്‍ത്തുകൊണ്ടുള്ള രീതി വഴി സാധാരണക്കാരുടെ പണമാണ് ആംവേ തട്ടിയെടുത്തത്. യഥാര്‍ത്ഥ വിവരങ്ങള്‍ അറിയാതെ പൊതുജനത്തെ കമ്പനിയില്‍ അംഗങ്ങളാക്കി ചേര്‍ത്താണ് അമിത വിലയ്ക്ക് ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തിയത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പിരമിഡ് മാതൃകയിലുള്ള ആംവേ ഇന്ത്യയുടെ മള്‍ട്ടിലെവല്‍ വിപണന തട്ടിപ്പുകള്‍ കണ്ടെത്തിയതെന്ന് ഇ ഡി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

ചെയിനിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് കമ്മീഷന്‍ തുക നല്‍കുന്നതിനായി ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്തിയതായും, നിലവിലെ നിയമങ്ങളുടെ ലംഘനമാണ് നടപടിക്ക് വഴിവച്ചതെന്നും ഇ ഡി വ്യക്തമാക്കി.