കേരളത്തിലെ സാഹോദര്യവും സമാധാനവും ഇല്ലാതാക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യമനസ്സാക്ഷിക്ക് നിരക്കാത്ത തീർത്തും അപലപനീയമായ ആക്രമണങ്ങളും കൊലപാതകങ്ങളുമാണ് പാലക്കാട്ട് സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിസന്ധികൾ മറികടന്ന് നാടിന്റെ പുരോഗതിയ്ക്കും ശോഭനമായ ഭാവിക്കുമായി കേരളം ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്ന ഘട്ടത്തിലാണ് സമാധാനാന്തരീക്ഷം തകർക്കുക എന്ന ദുഷ്ടലാക്കോടെ നടത്തിയ ഈ കൊലപാതകങ്ങളെന്നും അദ്ദേഹം അറിയിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളത്തിൽ പുലരുന്ന സാഹോദര്യവും സമാധാനവും ഇല്ലാതാക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ല. ജനങ്ങളെ ചേർത്തു നിർത്തി അത്തരം ശ്രമങ്ങൾക്കെതിരെ നിശ്ചയദാർഢ്യത്തോടെ നിലയുറപ്പിക്കും. ഒരുമിച്ച് ഒരു മനസ്സോടെ മുന്നോട്ടു പോകും. മൈത്രിയുടേയും മാനവികതയുടേയും കേരള മാതൃക സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

വർഗീയതയുടെയും സങ്കുചിതത്വത്തിന്റെയും വിഷവുമായി നാടിനെ അസ്വസ്ഥമാക്കുന്ന ഇത്തരം ശക്തികളെ തിരിച്ചറിഞ്ഞ് അകറ്റി നിർത്തണമെന്ന് ജനങ്ങളോടഭ്യർത്ഥിക്കുന്നു. പ്രകോപന നീക്കങ്ങളിലും കിംവദന്തികളിലും വശംവദരാകാതെ സമാധാനവും സൗഹാർദവും സംരക്ഷിക്കാൻ എല്ലാവരും രംഗത്തിറങ്ങണം. നാടിന്റെ നന്മയ്ക്ക് വിഘാതം സൃഷ്ടിക്കാനായി നടത്തിയ ഈ നിഷ്ഠുര കൃത്യങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകും. അവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും അതിനുള്ള നിർദേശം പോലീസിന് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

മനുഷ്യമനസ്സാക്ഷിക്ക് നിരക്കാത്ത തീർത്തും അപലപനീയമായ ആക്രമണങ്ങളും കൊലപാതകങ്ങളുമാണ് പാലക്കാട്ട് സംഭവിച്ചത്. കോവിഡ് പ്രതിസന്ധികൾ മറികടന്ന് നാടിന്റെ പുരോഗതിയ്ക്കും ശോഭനമായ ഭാവിക്കുമായി കേരളം ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്ന ഘട്ടത്തിലാണ് സമാധാനാന്തരീക്ഷം തകർക്കുക എന്ന ദുഷ്ടലാക്കോടെ നടത്തിയ ഈ കൊലപാതകങ്ങൾ. നാടിന്റെ നന്മയ്ക്ക് വിഘാതം സൃഷ്ടിക്കാനായി നടത്തിയ ഈ നിഷ്ഠുര കൃത്യങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകും. അവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കും. അതിനുള്ള നിർദേശം പൊലീസിന് നൽകിയിട്ടുണ്ട്.

കേരളത്തിൽ പുലരുന്ന സാഹോദര്യവും സമാധാനവും ഇല്ലാതാക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ല. ജനങ്ങളെ ചേർത്തു നിർത്തി അത്തരം ശ്രമങ്ങൾക്കെതിരെ നിശ്ചയദാർഢ്യത്തോടെ നിലയുറപ്പിക്കും. ഒരുമിച്ച് ഒരു മനസ്സോടെ മുന്നോട്ടു പോകും. മൈത്രിയുടേയും മാനവികതയുടേയും കേരള മാതൃക സംരക്ഷിക്കും. വർഗീയതയുടെയും സങ്കുചിതത്വത്തിന്റെയും വിഷവുമായി നാടിനെ അസ്വസ്ഥമാക്കുന്ന ഇത്തരം ശക്തികളെ തിരിച്ചറിഞ്ഞ് അകറ്റി നിർത്തണമെന്ന് ജനങ്ങളോടഭ്യർത്ഥിക്കുന്നു. പ്രകോപനനീക്കങ്ങളിലും കിംവദന്തികളിലും വശംവദരാകാതെ സമാധാനവും സൗഹാർദവും സംരക്ഷിക്കാൻ എല്ലാവരും രംഗത്തിറങ്ങണം.