പാലക്കാട്ടെ കൊലപാതകങ്ങള്‍; സംസ്ഥാന വ്യാപകമായി ഡിജിപിയുടെ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: പാലക്കാട്ടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലയിലിലെയും പോലീസ് മേധാവികള്‍ക്ക് ഡിജിപി അനില്‍ കാന്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഡിജിപിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പാലക്കാട്ടെ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു.

അക്രമ സംഭവങ്ങള്‍ ഇനിയും ഉണ്ടാവാതിരിക്കാന്‍ എല്ലാ വിധ നടപടികളും സ്വീകരിക്കും. ഉത്തര മേഖല ഐജി ക്യാമ്പ് ചെയ്ത് അന്വേഷണ പുരോഗതി വിലയിരുത്തും. കൊലപാതകങ്ങള്‍ ആവത്തിക്കാതിരിക്കാന്‍ കരുതല്‍ അറസ്റ്റിലേക്ക് പോകാനാണ് ഡിജിപി നല്‍കിയ നിദ്ദേശം.

രണ്ട് കൊലപാതകങ്ങള്‍ അരങ്ങേറിയ പശ്ചാത്തലത്തില്‍ പോലീസിന് നേരെയും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. പാലക്കാട്ട് ക്രമസമാധാനം ഉറപ്പിക്കാന്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. നിലവിലെ മൂന്ന് കമ്പനി പൊലീസ് സംഘത്തിന് പുറമെ മൂന്ന് കമ്പനി പോലീസിനെ കൂടി പാലക്കാട്ടേക്ക് നിയോഗിച്ചു. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറെ പാലക്കാട് ജില്ലയില്‍ ക്യാമ്പ് ചെയ്ത് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കും.