ബെംഗളൂരു: കർണാടകമന്ത്രി കെ.എസ്. ഈശ്വരപ്പ രാജിസമർപ്പിച്ചു. ബെലഗാവിയിലെ കരാറുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനാണ് കെ എസ് ഈശ്വരപ്പ. ബെംഗളൂരുവിലെത്തി മുഖ്യമന്ത്രി ബസവരാജ ബൊമ്മെയ്ക്ക് ഈശ്വരപ്പ രാജിക്കത്ത് കൈമാറുകയായിരുന്നു. കർണാടക നിയമസഭയിലെ ഗ്രാമവികസന വകുപ്പുമന്ത്രിയായിരുന്നു ഈശ്വരപ്പ.
പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കും തന്റെ നന്മ ആഗ്രഹിക്കുന്നവർക്കും യാതൊരു പ്രശ്നവും ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ മുഖ്യമന്ത്രിയെ കണ്ട് രാജിക്കത്ത് കൈമാറാൻ പോകുയാണെന്നും ഈശ്വരപ്പ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ആരോപണമുക്തനായി മടങ്ങിവരുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ബെലഗാവിയിലെ കരാറുകാരൻ സന്തോഷ് പാട്ടീലിന്റെ മരണത്തെ തുടർന്നാണ് ഈശ്വരപ്പയുടെ മേൽ വിവാദങ്ങളുടെ കരിനിഴൽ വീണത്. മണ്ഡലത്തിൽ നടത്തിയ നാലുകോടി രൂപയുടെ റോഡ് പ്രവൃത്തിയിൽ തുകയുടെ 40 ശതമാനം കമ്മിഷൻ ഈശ്വരപ്പ ആവശ്യപ്പെട്ടുവെന്നായിരുന്നു സന്തോഷിന്റെ ആരോപണം. ഇതിന് പിന്നാലെ സന്തോഷിനെ ഉഡുപ്പിയിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
തന്റെ മരണത്തിന് കാരണം ഈശ്വരപ്പയാണെന്ന് കാണിച്ച് സന്തോഷ് സുഹൃത്തുക്കൾക്ക് നോട്ടീസ് അയച്ചിരുന്നു. സന്തോഷിന്റെ മരണത്തിൽ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി ഈശ്വരപ്പയുടെ പേരിൽ പോലീസ് കേസെടുത്തിരുന്നു. ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഈശ്വരപ്പ രാജി പ്രഖ്യാപനം നടത്തിയത്.

