കണ്ണൂർ: സിൽവർ ലൈനിനായുള്ള പാരിസ്ഥിതികാഘാത പഠനത്തിൽ പ്രശ്‌നം കണ്ടെത്തിയാൽ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രശ്‌നം പരിഹരിക്കണം എന്ന് തന്നെയാണ് സർക്കാർ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. പിന്നെന്തിനാണ് ഗോ ഗോ വിളികളെന്ന് അദ്ദേഹം ചോദിച്ചു.
കേന്ദ്ര സർക്കാരിനെതിരെ അദ്ദേഹം വിമർശനം ഉന്നയിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ പല വികസന കാര്യങ്ങളിലും കേന്ദ്രസർക്കാർ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാന സർക്കാർ വികസനത്തിന്റെ ഭാഗമായി ആരെയും ബുദ്ധിമുട്ടിക്കില്ല. കെ റെയിലിൽ കേന്ദ്ര സർക്കാർ പിന്തുണ വേണമെന്നും അത് കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

