നിമിഷപ്രിയ കേസ്‌: ദയാധനം നല്‍കിയുള്ള മോചന ദൗത്യങ്ങള്‍ക്ക് ജസ്റ്റിസ് കുര്യ ജോസഫ് നേതൃത്വം നല്‍കും

നിമിഷപ്രിയയെ ദയാധനം നല്‍കി മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ദൗത്യത്തിന്‌ സുപ്രീംകോടതി റിട്ടയേഡ് ജസ്റ്റിസ് കുര്യന്‍ ജോസഫ് നേതൃത്വം നല്‍കും. യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ കാത്ത് കഴിയുകയാണ് നിമിഷ പ്രിയ. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായുള്ള ചര്‍ച്ചകള്‍ക്കും ജസ്റ്റിസ് മധ്യസ്ഥം വഹിക്കും. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലാണ് ഉന്നത ദൗത്യസംഘത്തെ നിയോഗിച്ചത്.

നിമിഷപ്രിയയുടെ മോചന ദൗത്യത്തിന് വേണു രാജാമണി, ടിപി ശ്രീനിവാസന്‍ എന്നിവരടങ്ങിയ വിദഗ്ദ സമിതി രൂപിക്കുമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. സാമൂഹിക നിയമരംഗത്തെ പ്രമുഖരേയും സമിതിയില്‍ ഉള്‍പ്പെടുത്തും. ഒരു ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിന് പരമാവധി പ്രയത്നിക്കുമെന്നും ജസ്റ്റിസ് വ്യക്തമാക്കി.

2017 ജൂലൈ 25 നാണ് നിമിഷപ്രിയ യെമന്‍കാരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചത്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷ. സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൗരന്‍ പാസ്പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം.