കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പുന:രന്വേഷണത്തിന് വിചാരണ കോടതിയോട് കൂടുതൽ സമയം തേടാനൊരുങ്ങി പ്രോസിക്യൂഷൻ. അന്വേഷണം പുരോഗമിക്കുമ്പോൾ കൂടുതൽ നിഗൂഢതകൾ തെളിഞ്ഞു വരുന്നതു ചൂണ്ടിക്കാട്ടി തെളിവു ശേഖരണത്തിനും ചോദ്യം ചെയ്യലിനും കൂടുതൽ സമയം വേണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്.
കേസ് പരിഗണിക്കുമ്പോൾ ഇതുവരെയുള്ള അന്വേഷണ പുരോഗതിയുടെ റിപ്പോർട്ടും കോടതിയിൽ സമർപ്പിക്കും. പ്രതികളും പ്രതികളുമായി ബന്ധമുള്ള സാക്ഷികളും അന്വേഷണ സംഘത്തോടു സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയോട് വ്യക്തമാക്കും.
കേസുമായി ബന്ധപ്പെട്ട് പ്രതികളിൽ നിന്നു കൂടുതൽ തെളിവുകൾ ലഭിച്ചെന്നതും ഗൂഢാലോചനക്കേസ് പ്രതികൾ സാക്ഷിക്കെതിരെ മൊബൈൽ ഫോണിൽ സംസാരിക്കുന്ന വിവരങ്ങളും കോടതിയിൽ പ്രോസിക്യൂഷൻ ഉയർത്തിക്കാട്ടും. സിആർപിസി 160 പ്രകാരമുള്ള ചോദ്യം ചെയ്യലിനു കാവ്യ മാധവൻ ഉപാധി വച്ചതും ദിലീപിന്റെ സഹോദരൻ അനൂപും സഹോദരീ ഭർത്താവ് സുരാജും നോട്ടിസ് കൈപ്പറ്റാത്തതും ഉയർത്തിക്കാട്ടി കൂടുതൽ സമയം ചോദിക്കാനും പ്രോസിക്യൂഷൻ തീരുമാനിച്ചു.

