‘മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് മലയാളികള്‍ കീഴടങ്ങരുത്’: താമരശേരി ബിഷപ്പ്‌

കോഴിക്കോട്: കേരളത്തില്‍ മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ പ്രതിലോമ ശക്തികള്‍ ശ്രമിക്കുന്നുവെന്ന് താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.

‘അടുത്ത കാലത്തെ പ്രതിസന്ധികള്‍ മനസുകളെ തമ്മില്‍ അകറ്റുന്നു. മത സൗഹാര്‍ദം എന്നും ഉയര്‍ത്തിപ്പിടിച്ചു മാതൃകയാക്കി ഇതിനെ നേരിടണം. മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് മലയാളികള്‍ കീഴടങ്ങരുത്. മത സൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിച്ച സംസ്ഥാനമാണ് കേരളം’- അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊവിഡിനെ തുടര്‍ന്ന് മുന്‍ വര്‍ഷങ്ങളില്‍ നിയന്ത്രണങ്ങളോടെയായിരുന്നു പെസഹാ പ്രാര്‍ത്ഥനകള്‍ നടന്നത്. ഇത്തവണ നിയന്ത്രണങ്ങള്‍ ഇല്ലാത്തതിനാല്‍ നൂറുകണക്കിന് വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു. കോഴിക്കോട് താമരശ്ശേരി മേരി മാതാ കത്തീഡ്രലില്‍ നടന്ന പ്രാര്‍ത്ഥനകള്‍ക്ക് താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കോഴിക്കോട് രൂപതയ്ക്ക് കീഴിലെ ദേവമാതാ കത്തീഡ്രലിലില്‍ വൈകുന്നേരം ആറിന് നടക്കുന്ന പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് കോഴിക്കോട് രൂപത ബിഷപ്പ് ഡോ വര്‍ഗീസ് ചക്കാലക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും.