തിരുവനന്തപുരം: പുതുതായി സർവ്വീസ് ആരംഭിച്ച കെ-സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിച്ച് കെഎസ്ആർടിസി. അപകടത്തിൽപ്പെട്ട കെ സ്വിഫ്റ്റ് ബസുകൾ ഓടിച്ച ഡ്രൈവർമാരെ ജോലിയിൽ നിന്ന് നീക്കം ചെയ്തതായി കെ.എസ്.ആർ.ടി.സി വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് ഇന്റേണൽ കമ്മിറ്റി അന്വേഷണം നടത്തിയിരുന്നു. അപകടം സംഭവിച്ചതിൽ ഡ്രൈവർമാരുടെ ഭാഗത്ത് വലിയ വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഏപ്രിൽ 11-ന് രാത്രി 11 മണിക്ക് തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് വെച്ചും ഏപ്രിൽ 12-ന് രാവിലെ 10.25-ന് മലപ്പുറം ജില്ലയിലെ കോട്ടക്കൽ വെച്ചുമാണ് കെ- സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ടത്.
മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത കെ സ്വിഫ്റ്റിന്റെ ആദ്യ സർവീസ് കല്ലമ്പലത്ത് വച്ചാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന ലോറിയുമായി ഉരസി ബസിന്റെ സൈഡ് മിറർ ഇളകിപ്പോകുകയായിരുന്നു. ഈ ഗ്ലാസിന് 35000 രൂപ വിലയുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു. ഇളകി പോയ മിററിന് പകരം കെഎസ്ആർടിസിയുടെ മിറർ സ്ഥാപിച്ചാണ് കെ സ്വിഫ്റ്റ് സർവീസ് തുടർന്നത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കെഎസ് ആർടിസി എംഡി സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നൽകി. അപകടത്തിന് പിന്നിൽ സ്വകാര്യ ലോബിയാണെന്നാണ് കെഎസ്ആർടിസി ആരോപിച്ചിരുന്നത്.

