തിരുവനന്തപുരം: സ്ഥിരം കുറ്റവാളികളുടെ പൂർണവിവരം ഇനി എക്സൈസുകാർക്ക് ഒറ്റക്ലിക്കിൽ കമ്പ്യൂട്ടറിൽ അറിയാം. പ്രതികളുടെ ചിത്രം, വിരലടയാളം, ഉൾപ്പെട്ടിരിക്കുന്ന കേസുകൾ, ശിക്ഷ തുടങ്ങി എല്ലാവിവരങ്ങളും അടങ്ങിയ ഡാറ്റാബേസ് തയ്യാറാക്കാനാണ് എക്‌സൈസിന്റെ തീരുമാനം. കമ്മിഷണർ അനന്ത കൃഷ്ണന്റെ നിർദ്ദേശപ്രകാരമാണ് നടപടി. ജില്ലാ ആസ്ഥാനങ്ങളിലും എക്സൈസ് കമ്മിഷണറേറ്റിലുമാണ് എക്സൈസ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ സഹായത്തോടെ ആദ്യം നടപ്പാക്കുന്നത്.
ഉദ്യോഗസ്ഥന്റെ കമ്പ്യൂട്ടറിൽ വിവരങ്ങൾ ലഭ്യമാകുന്നതോടെ അന്വേഷണം കൂടുതൽ വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഞ്ചാവ്, മദ്യം, എം.ഡി.എം.എ തുടങ്ങി ലഹരികടത്ത് കേസുകൾ വർധിച്ച സാഹചര്യത്തിലാണ് എക്‌സൈസ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്. നിലവിൽ പിടിക്കപ്പെടുന്നവരുടെ മൊഴിയെ ആശ്രയിച്ചാണ് മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് തിരിച്ചറിയുന്നത്. അതിനാൽ പോലീസിനും മറ്റും പ്രതികളുടെ വിവരം കൈമാറാൻ ഏറെ സമയമെടുക്കും. മൊഴി കൃത്യമാകണമെന്നില്ല എന്നതാണ് ഈ രീതിയുടെ മറ്റൊരു പ്രശ്‌നം.
പുതിയ രീതി വരുന്നതോടെ കേസുകളിൽ അതിവേഗം നടപടി സ്വീകരിക്കാൻ പുതിയ സംവിധാനത്തോടെ കഴിയും. മുൻകാലങ്ങളിൽ അറസ്റ്റിലായവരുടെ വിവരങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തും. എൻ.ഡി.പി.എസ്, അബ്കാരി കേസുകൾ വേർതിരിച്ചറിയാനും കഴിയും.