സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം നിര്‍ബന്ധം; പൊതുഭരണ വകുപ്പിന്റെ ഉത്തരവ് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് സെക്രട്ടേറിയേറ്റിലെ ജീവനക്കാര്‍ ഇനിമുതല്‍ മൂന്നും അഞ്ചും വര്‍ഷം കൂടുമ്പോള്‍ സ്ഥലം മാറേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. അസിസ്റ്റന്റ്, സെക്ഷന്‍ ഓഫീസര്‍ കേഡറിലുള്ള ഉദ്യോഗസ്ഥരെ 5 വര്‍ഷം കൂടുമ്പോഴും അണ്ടര്‍ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, സ്‌പെഷല്‍ സെക്രട്ടറി എന്നിവരെ 3 വര്‍ഷം കൂടുമ്പോഴും സ്ഥലം മാറ്റണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ജീവനക്കാര്‍ക്ക് എല്ലാ വകുപ്പിലും സേവന പരിചയം ലഭിക്കാനാണ് ഇതെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.

അതേസമയം, സെക്ഷന്‍ ഓഫീസര്‍ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിന് മുഖ്യമന്ത്രിയുടെ അംഗീകാരം വേണം. സമയ പരിധി കഴിഞ്ഞും ഒരാളെ തുടരാന്‍ അനുവദിക്കണമെങ്കില്‍ വകുപ്പു സെക്രട്ടറിയും, മന്ത്രിമാരുടെ താല്‍പര്യം പരിഗണിച്ചാണെങ്കില്‍ ബന്ധപ്പെട്ട സെക്രട്ടറിയും അറിയിക്കേണ്ടതുണ്ട്. എന്നാല്‍, തിരുവനന്തപുരം ജില്ലക്ക് പുറത്തുള്ള ഡെപ്യൂട്ടേഷനില്‍ അയക്കാന്‍ അവരുടെ സമ്മതം വാങ്ങണം. വിരമിക്കാന്‍ രണ്ട് വര്‍ഷം ബാക്കിയുള്ളവരെ അയക്കാന്‍ പാടില്ല. ഗുരുതര രോഗികള്‍ക്കും, രോഗികളായ കുട്ടികളോ മാതാപിതാക്കളോ പങ്കാളികളോ ഉള്ളവര്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ സ്ഥലം മാറ്റം അനുവദിക്കും.

എന്നാല്‍, സര്‍വീസ് സംഘടനകളുടെ പ്രസിഡന്റിനും ജനറല്‍ സെക്രട്ടറിക്കും മാര്‍ഗനിര്‍ദ്ദശങ്ങള്‍ ബാധമാകാതെ സെക്രട്ടേറിയേറ്റില്‍ തുരാമെന്ന വ്യവസ്ഥയും നിലനിര്‍ത്തിയിട്ടുണ്ട്. സ്റ്റാഫ് വെല്‍ഫെയര്‍ സൊസൈറ്റി, കാന്റീന്‍ എന്നിവയുടെ പ്‌സിഡന്റ്, സെക്രട്ടറി, ട്രഷറര്‍, സ്റ്റോര്‍ കീപ്പര്‍ തുടങ്ങിയ ഭാരവാഹികള്‍ക്കും തല്‍സ്ഥാനത്ത് തുടരാം.