ഇന്ത്യ ആഗ്രഹിക്കുന്നത് ഭീകരവിരുദ്ധമായ പ്രദേശം ഉണ്ടാകണമെന്ന്; ഷെഹബാസ് ഷെരീഫിന് അഭിനന്ദനം അറിയിച്ച് നരേന്ദ്ര മോദി

ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന് അഭിനന്ദനം അറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനവും സ്ഥിരതയുമുള്ള ഭീകരവിരുദ്ധമായ പ്രദേശം ഉണ്ടാകണം എന്നതാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇതിലൂടെ മാത്രമേ, വികസനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയൂവെന്നും ആളുകളുടെ അഭിവൃദ്ധിയും സൗഖ്യവും ഉറപ്പിക്കാൻ കഴിയൂവെന്നും മോദി അഭിപ്രായപ്പെട്ടു. അതേസമയം, കശ്മീർ വിഷയം ചർച്ചയിലൂടെ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഷഹബാസ് ഷെരീഫ് ക്ഷണിക്കുകയും ചെയ്തു.

ഇന്ത്യയുമായി നല്ല ബന്ധം നിലനിർത്തണം എന്നാണ് ആഗ്രഹമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അറിയിച്ചിരുന്നു. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ദേശീയ അസംബ്ലിയിൽ നടത്തിയ ആദ്യ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുമായുള്ള ബന്ധത്തിൽ സുസ്ഥിര സമാധാനം ഉറപ്പാക്കാൻ കശ്മീർ വിഷയം രമ്യമായി പരിഹരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

174 പേരുടെ പിന്തുണയോടെയാണ് ഷഹബാസ് ഷെരീഫ് പാകിസ്താന്റെ 23 -ാം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഇളയ സഹോദരനും പാകിസ്താൻ മുസ്ലിം ലീഗ്-നവാസ് (പിഎംഎൽ-എൻ) അദ്ധ്യക്ഷനുമാണ് ഷഹബാസ് ഷരീഫ്. ഇമ്രാൻ ഖാൻ സഭയിലെ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. സെനറ്റ് ചെയർമാൻ സാദ്ദിഖ് സഞ്ജറാണിക്ക് മുന്നിലാണ് ഷഹബാസ് ഷെരീഫ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.