ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന സമരരീതി തെറ്റ്; പ്രശ്‌നം പരിഹരിക്കേണ്ടത് ചർച്ചകളിലൂടെയെന്ന് ശശി തരൂർ

തിരുവനന്തപുരം: ഹർത്താലുകളെയും വഴി തടയലുകളെയും രൂക്ഷമായി വിമർശിച്ച് ശശി തരൂർ എം.പി. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന സമരരീതി തെറ്റാണെന്ന് ശശി തരൂർ അഭിപ്രായപ്പെട്ടു. ഐഎൻടിയുസി പരിപാടിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

അത്യാവശ്യമായി ആശുപത്രിയിൽ പോകുന്നവരെ തടഞ്ഞ് നിർത്തുന്ന സമര രീതിയെ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. പ്രശ്‌നം പരിഹരിക്കേണ്ടത് ഹർത്താലുകളിലൂടെയല്ലെന്നും ചർച്ചകളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഹർത്താലിന്റെ പേരിൽ ഐഎൻടിയുസിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിൽ അടുത്തിടെ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. ദേശീയ ദ്വിദിന പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് വി ഡി സതീശൻ അഭിപ്രായപ്പെട്ടത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

പരമാർശത്തിന് പിന്നാലെ ഐഎൻടിയുസിക്കാർ സതീശനെതിരെ രംഗത്തെത്തിയിരുന്നു. തുടർന്ന് വിഷയത്തിൽ വി ടി സതീശൻ വിശദീകരണം നൽകി. അവിഭാജ്യഘടകവും പോഷക സംഘടനയും തമ്മിൽ വ്യത്യാസമുണ്ടെന്നും ഐഎൻടിയുസിയെ തള്ളി പറഞ്ഞതല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.