എം സി ജോസഫൈൻ അന്തരിച്ചു

josephine

കണ്ണൂർ: മുൻ വനിതാ കമ്മീഷൻ അധ്യക്ഷയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എം സി ജോസഫൈൻ അന്തരിച്ചു. 74 വയസായിരുന്നു. എകെജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ ജോസഫൈൻ കഴിഞ്ഞ ദിവസം സമ്മേളന വേദിയിൽ വെച്ച് കുഴഞ്ഞു വീണിരുന്നു. ആരോഗ്യനില വഷളായതോടെ ജോസഫൈനെ ഉടൻ തന്നെ കണ്ണൂരിലെ എകെജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോർപറേഷൻ ചെയർപഴ്‌സൺ, വിശാല കൊച്ചി വികസന അതോറിറ്റി ചെയർപഴ്‌സൺ എന്നീ നിലകളിൽ ജോസഫൈൻ പ്രവർത്തിച്ചിട്ടുണ്ട്.

1948 ഓഗസ്ത് മൂന്നിന് മുരിക്കുംപാടം മാപ്പിളശേരി ചവര മഗ്ദലേന ദമ്പതികളുടെ മകളായി ജനിച്ച എം സി ജോസഫൈൻ വിദ്യാർഥി യുവജന മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്തെത്തിയത്. അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാ മണ്ഡലങ്ങളിലേക്കും 1989ൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിലേക്കും ജോസഫൈൻ മത്സരിച്ചു. 13 വർഷം അങ്കമാലി നഗരസഭാ കൗൺസിലറായും സേവനം അനുഷ്ഠിച്ചു.