ന്യൂഡൽഹി: റേഷൻ കടകളിൽ ഇനി ബാങ്കിങ്ങ് സേവനവും ലഭ്യമാകും. ഇതിനായുള്ള നടപടികൾ നടപ്പിലാക്കാനൊരുങ്ങുകയാണ് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ്. ബാങ്കിംഗ് സേവന രംഗത്തേക്ക് സാധാരണക്കാരെ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഗ്രാമീണ ബാങ്കിംഗ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം കൂടി തീരുമാനത്തിന് പിന്നിലുണ്ട്.
പുതിയ സംവിധാനത്തെക്കുറിച്ചും റേഷൻ ബാങ്കുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്യാൻ ഇന്ത്യയിലുടനീളമുള്ള റേഷൻ കടയുടമ സംഘടനകളുടെ നേതാക്കളുമായി ചർച്ച നടത്താൻ ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം തീരുമാനിച്ചു. ഡൽഹിയിൽ വെച്ചാണ് ചർച്ച നടത്തുക. കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സുധാൻഷു പാണ്ഡെ, പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളായ കൻവാൽജിത് ഷോർ എന്നിവരുമായി റേഷൻ കടയുടമ സംഘടനകളുടെ ഉന്നത നേതാക്കൾ ചർച്ച നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, പുതിയ സംവിധാനങ്ങൾ എത്രയും വേഗം നടപ്പിലാക്കാൻ മുൻകൈ എടുക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

