ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സിന് ആദ്യ ജയം; ചെന്നൈക്ക് നാലാം തോല്‍വി

ഐപിഎല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ മിന്നും ജയവുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. അഭിഷേക് ശര്‍മ്മയുടെ മികവാര്‍ന്ന ഇന്നിംഗ്‌സാണ് സണ്‍റൈസേഴ്‌സിന് ആദ്യ ജയം നേടിക്കൊടുത്തത്. 8 വിക്കറ്റ് ജയം ടീം ഉറപ്പാക്കിയത് 17.4 ഓവറിലാണ്. അഭിഷേക് ശര്‍മ്മയും കെയിന്‍ വില്യംസണും ചേര്‍ന്ന് കരുതലോടെയാണ് സണ്‍റൈസേഴ്‌സിനെ മുന്നോട്ട് നയിച്ചത്. വില്യംസണ്‍ നങ്കൂരമിട്ട് ക്രീസില്‍ നിലയുറപ്പിച്ചപ്പോള്‍ അഭിഷേ്ക് ശര്‍മ്മയ്ക്കായിരുന്നു അതിവേഗത്തില്‍ സ്‌കോറിംഗിനുള്ള ചുമതല.

13ാം ഓവറിന്റെ ആദ്യ പന്തില്‍ മാത്രമാണ് കൂട്ടുകെട്ട് തകര്‍ക്കുവാന്‍ ചെന്നൈയ്ക്ക് സാധിച്ചത്. 89 റണ്‍സ് നേടിയ അഭിഷേക് ശര്‍മ്മ – കെയിന്‍ വില്യംസണ്‍ കൂട്ടുകെട്ടിനെ മുകേഷ് ചൗധരിയാണ് തകര്‍ത്തത്. 32 റണ്‍സ് നേടിയ കെയിന്‍ വില്യംസണെ മോയിന്‍ അലിയുടെ കൈകളില്‍ എത്തിച്ചായിരുന്നു ഈ നേട്ടം. 47 പന്തില്‍ 66 റണ്‍സായിരുന്നു കെയിന്‍ വില്യംസണ്‍ പുറത്തായപ്പോള്‍ സണ്‍റൈസേഴ്‌സ് നേടേണ്ടിയിരുന്നത്. വില്യംസണിന് പകരം ക്രീസിലെത്തിയ ത്രിപാഠിയും ശര്‍മ്മയ്ക്ക് മികച്ച പിന്തുണ നല്‍കിയപ്പോള്‍ സണ്‍റൈസേഴ്‌സിന്റെ ലക്ഷ്യം 30 പന്തില്‍ 34 റണ്‍സായി ചുരുങ്ങി.

56 റണ്‍സ് കൂട്ടുകെട്ടിന് ഒടുവില്‍ അഭിഷേക് ശര്‍മ്മ പുറത്താകുമ്‌ബോള്‍ താരം 50 പന്തില്‍ 75 റണ്‍സായിരുന്നു നേടിയത്. സണ്‍റൈസേഴ്‌സിന് ജയിക്കുവാന്‍ 17 പന്തില്‍ 10 റണ്‍സും 17.4 ഓവറില്‍ സണ്‍റൈസേഴ്‌സ് വിജയിക്കുമ്‌ബോള്‍ രാഹുല്‍ ത്രിപാഠി 15 പന്തില്‍ 39 റണ്‍സ് നേടി പുറത്താകാതെ നിന്നു.