അവതാരകനെ മുഖത്തടിച്ച സംഭവം; വില്‍ സ്മിത്തിന് പത്ത് വര്‍ഷത്തേക്ക് വിലക്ക്‌

ലോസ് ആഞ്ചലസ്: ഓസ്‌കാര്‍ അവാര്‍ഡ് വിതരണത്തിനിടെ അവതാരകന്‍ ക്രിസ് റോക്കിനെ മുഖത്തടിച്ച ഹോളിവുഡ് നടന്‍ വില്‍ സ്മിത്തിന് പത്ത് വര്‍ഷത്തേക്ക് ഓസ്‌കാര്‍ ചടങ്ങിലും അക്കാദമിയുടെ മുഴുവന്‍ പരിപാടികളിലും പങ്കെടുക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. അക്കാദമി ബോര്‍ഡ് ഓഫ് ഗവേര്‍ണേഴ്‌സിന്റെതാണ് തീരുമാനം.

അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കുന്നതിനും സ്മിത്തിന് അനുവാദമില്ല. അതേസമയം, വില്‍ സ്മിത്തിന്റെ ഓസ്‌കാര്‍ അസാധുവാക്കിയിട്ടില്ല. കൂടാതെ ഭാവിയില്‍ ഓസ്‌കാര്‍ നോമിനേഷനുകളില്‍ നിന്ന് വിലക്ക് ഉണ്ടാകുമോ എന്നും അക്കാദമി അംഗങ്ങളുടെ പേരില്‍ പുറത്തുവന്ന കത്തില്‍ വ്യക്തമാക്കിയിട്ടില്ല.

മര്‍ദ്ദിച്ചത് വിവാദമായതോടെ ഓസ്‌കാര്‍ അക്കാദമി ഓഫ് മോഷന്‍ പിക്ച്ചര്‍ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സില്‍ നിന്ന് വില്‍ സ്മിത്ത് നേരത്തെ രാജി വെച്ചിരുന്നു. സംഭവത്തില്‍ അക്കാദമിയുടെ അച്ചടക്കനടപടി ചര്‍ച്ച ചെയ്യാനിരിക്കെയായിരുന്നു രാജി പ്രഖ്യാപനം.