ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയില്‍. കള്ളപ്പണ ഇടപാടില്‍ ബിനീഷിനെതിരേ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ഇഡി വിശദീകരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബംഗളൂരു ഇഡി ഡെപ്യുട്ടി ഡയറക്ടര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്. കേന്ദ്ര ഏജന്‍സിയുടെ അഭിഭാഷകന് മുകേഷ് കുമാര്‍ മാറോറിയാണ് അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഹൈക്കോടതി ജാമ്യം അനുവദിച്ച് കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലെ ചില പരാമര്‍ശങ്ങള്‍ വിചാരണയെ ബാധിക്കുമെന്ന ആശങ്ക ഇഡിക്ക് ഉണ്ട്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തലത്തിലുള്ള ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് അപ്പീല്‍ ഫയല്‍ ചെയ്തത്.
ഐ.ഡി.ബി.ഐ, എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ, ഫെഡറല്‍ ബാങ്ക് എന്നിവയിലെ നിക്ഷേപങ്ങളുടെ സ്രോതസ് ബിനീഷ് വ്യക്തമാക്കിയിട്ടില്ല. പണം നിക്ഷേപിച്ച ചിലര്‍ ചോദ്യം ചെയ്യലിന് ഇത് വരെ ഹാജരായിട്ടില്ലെന്നും ഇഡി ചൂണ്ടിക്കാട്ടി. കേസിലെ നാലാം പ്രതിയായ ബിനീഷിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ 19എ, 69 എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ലഹരിവസ്തുക്കള്‍ വാങ്ങുന്നതിനായി ബിനീഷ് കള്ളപ്പണം വെളുപ്പിക്കുകയും ലഹരി ഇടപാടു കേസിലെ പ്രതികളെ സഹായിക്കുകയും ചെയ്തുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

