വ്യാപനശേഷി കൂടുതല്‍; കൊവിഡ് വകഭേദം എക്‌സ് ഇ ഗുജറാത്തില്‍ കണ്ടെത്തി

ഗാന്ധിനഗര്‍: കൊവിഡിന്റെ എക്സ് ഇ വകഭേദം ഗുജറാത്ത് സ്വദേശിയില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. മറ്റ് വകഭേദങ്ങളെക്കാള്‍ വ്യാപനശേഷി കൂടിയതാണ് ഇതെന്ന് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊവിഡിന്റെ മറ്റൊരു വകഭേദമായ എക്സ് എമ്മും സംസ്ഥാനത്ത് കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

പുതിയ വകഭേദത്തിന്റെ സാന്നിധ്യം തെളിയിക്കാനായില്ലെന്ന് വിശദീകരിച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കേന്ദ്ര ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ടുകള്‍ തള്ളിയിരുന്നു. ഇന്‍സാകോഗ് ( ജനിതക ശ്രേണികരണവും വൈറസ് വ്യതിയാനവും പഠിക്കുന്നതിനായും നിരീക്ഷിക്കുന്നതിനായും കേന്ദ്ര ആരോഗ്യ മന്ത്രാലയം രൂപീകരിച്ച സമിതി) മുംബയ് സ്വദേശിയില്‍ നിന്നും ശേഖരിച്ച സാമ്ബിള്‍ പരിശോധിച്ചതില്‍ എക്സ് ഇ വകഭേദത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താനായില്ലെന്നായിരുന്നു ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയത്.

കൊവിഡ് വകഭേദമായ ബി എ.1, ബി എ.2 എന്നീ ഉപവിഭാഗങ്ങള്‍ സംയോജിച്ച് രൂപപ്പെടുന്നതാണ് എക്സ് ഇ. ബി എ.2 ഉപവിഭാഗത്തെക്കാളും വ്യാപനശേഷി കൂടിയ എക്സ് ഇ ജനുവരി 19ന് യു കെയിലാണ് ആദ്യമായി കണ്ടെത്തിയത്.