സഭ്യതയില്ലായ്മയും വിദ്വേഷവും പ്ലാറ്റ്‌ഫോമില്‍ അനുവദിക്കില്ല: ക്ലബ്ഹൗസ്‌

സഭ്യതയില്ലായ്മയും, വിദ്വേഷവും തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ അനുവദിക്കില്ലെന്ന് ക്ലബ്ഹൗസ് അധികൃതര്‍. ‘റെഡ് റൂമുകള്‍’ എന്ന പേരില്‍ രൂപപ്പെടുന്ന ക്ലബ്ഹൗസ് ഗ്രൂപ്പുകള്‍ സഭ്യതയുടെ അതിരുകള്‍ ഭേദിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പ്രതികരിക്കുകയായിരുന്നു അവര്‍.

‘ലോകമെമ്പാടുമുള്ളവര്‍ ഒന്നിച്ച് ചേര്‍ന്ന് പരിചയം ഉണ്ടാക്കുകയും, വിവിധ വിഷയങ്ങളില്‍ സംവാദങ്ങള്‍ നടത്തുകയും ചെയ്യുന്ന ഒരു പ്ലാറ്റ്‌ഫോം ആണ് ക്ലബ്ഹൗസ്. ഇത്തരം ഒരു കമ്യൂണിറ്റിയുടെ സുരക്ഷ ഉറപ്പാക്കാനായി ക്ലബ്ബഹൗസ് ഏറെ ശ്രമങ്ങളും, അതിനായി വലിയ നിക്ഷേപവും നടത്തുന്നുണ്ട്. അതിനാല്‍ തന്നെ ക്ലബ് ഹൗസിന്റെ നയങ്ങള്‍ക്കും നിയമങ്ങള്‍ക്കും ഏതിരെ ഈ പ്ലാറ്റ്‌ഫോമില്‍ നടത്തുന്ന ഏതൊരു ശ്രമത്തേയും ശക്തമായി തന്നെ നേരിടും. ഏതെങ്കിലും റൂമിലെ ഉള്ളടക്കവും ചര്‍ച്ചയും ഉള്ളടക്കവും സഭ്യേതരമല്ലെന്നോ, അല്ലെങ്കില്‍ ഏതെങ്കിലും പ്രശ്‌നം ഉള്ളതായോ തോന്നിയാല്‍ ഉടന്‍ തന്നെ ഒരു ഉപയോക്താവിന് അത് ഫ്‌ലാഗ് ചെയ്യാം. https://community.clubhouse.com എന്ന വിലാസത്തില്‍ കമ്യൂണിറ്റി ഗെഡ് ലൈന്‍സ് ലഭിക്കും. ഈ ഗൈഡ് ലൈന്‍സ് അനുസരിക്കാതെ ക്ലബ്ഹൗസില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ അവര്‍ നടത്തുന്ന മാര്‍ഗ്ഗനിര്‍ദേശ ലംഘനം അനുസരിച്ച് നടപടി എടുക്കുമെന്ന് ക്ലബ്ഹൗസ് വ്യക്തമാക്കുന്നു. പല വിഷയങ്ങളില്‍ വിദഗ്ധമായ ടീമുകള്‍ ക്ലബ്ഹൗസിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ അംഗസംഖ്യ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ക്ലബ്ഹൗസ് കമ്യൂണിറ്റിയുടെയും സ്ഥാപനത്തിന്റെയും വളര്‍ച്ചയ്ക്ക് അനുസരിച്ച് ഇതിന്റെ ആരോഗ്യകരമായ നടത്തിപ്പ് പ്രധാന്യമുള്ളതാണെന്ന് കമ്പനി കാണുന്നു. ഇതിനു വേണ്ടപുതിയ പ്രത്യേകതകള്‍ ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ക്ലബ്ഹൗസ് ഡിസൈന്‍ ചെയ്യുന്ന ഓരോ ഉത്പന്നത്തിലും സുരക്ഷയ്ക്ക് പ്രധാന്യം നല്‍കുന്നുണ്ട്. ഒരു റൂമിലേക്ക് കടക്കാതെ തന്നെ അതിന്റെ പേരിനെക്കുറിച്ച് റിപ്പോര്‍ട്ടു ചെയ്യാനുള്ള അവസരം, ബ്ലോക്കു ചെയ്യാനുള്ള അവസരം, ബ്ലോക് ലിസ്റ്റ് പങ്കുവയ്ക്കാനുള്ള അവസരം തുടങ്ങിയവ ആപ്പില്‍ ഇപ്പോള്‍ തന്നെയുണ്ട്. കൂടാതെ, ഉപയോക്താക്കള്‍ക്ക് ഇഷ്ടമില്ലാത്ത ഉള്ളടക്കത്തെക്കുറിച്ച് ക്ലബ്ഹൗസിനെ അറിയിക്കാം. റൂമിനുള്ളില്‍ നിന്നു തന്നെ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാം. മോഡറേറ്റര്‍മാര്‍ക്ക് ഒരു റൂമിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും അനുവാദം നല്‍കിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായവര്‍ക്കുളള ഉള്ളടക്കം തങ്ങളിലേക്ക് എത്തേണ്ടന്നുള്ളവര്‍ക്ക് എന്‍എസ്എഫ്ഡബ്യൂ ഫില്‍റ്ററും ഉപയോഗപ്പെടുത്താം. അതുവഴി അശ്ലീല ഭാഷയും വിഷയങ്ങളും വേണ്ടെന്ന് തീരുമാനിക്കാന്‍ ഉപയോക്താവിന് സാധിക്കും’- ക്ലബ്ഹൗസ് അധികൃതര്‍ ചൂണ്ടിക്കാട്ടി.