നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ സംഘടനയില്‍ നിന്നും പുറത്ത്; ആരാധകര്‍ക്ക് മുന്നറിയിപ്പുമായി വിജയ്‌

ആരാധകര്‍ക്ക് മുന്നറിയിപ്പുമായി നടന്‍ വിജയ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ബീസ്റ്റ് റിലീസിനൊരുങ്ങവെയാണ് ആരാധകര്‍ക്ക് നിര്‍ദേശങ്ങളുമായി വിജയ് രംഗത്തെത്തിയത്. രാഷ്ട്രീയക്കാരെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ സമൂഹമാദ്ധ്യമങ്ങളിലൂടെയോ ട്രോള്‍ വിഡിയോയിലൂടെയോ പരിഹസിക്കാന്‍ പാടില്ലെന്ന് വിജയ് ആവശ്യപ്പെട്ടു.

വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബിസ്സി ആനന്ദ് ആണ് ഇക്കാര്യം ട്വീറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. നിര്‍ദ്ദേശം ലംഘിച്ച് പ്രവര്‍ത്തിക്കുന്നവരെ സംഘടനയില്‍ നിന്ന് പുറത്താക്കുകയും, നിയമനടപടി സ്വീകരിക്കുമെന്നും നേതൃത്വം പറയുന്നു.

നെല്‍സണ്‍ സംവിധാനം ചെയ്തിരിക്കുന്ന ബീസ്റ്റ് വിജയിയുടെ 65-ആം ചിത്രമാണ്. ഏപ്രില്‍ 13 നാണ് ചിത്രം റിലീസിനെത്തുന്നത്. പൂജ ഹെഡ്ഗെയാണ് ചിത്രത്തിലെ നായിക.