ഐപിഎല്‍: പഞ്ചാബിനെതിരെ ഗുജറാത്തിന് മിന്നും ജയം

മുംബൈ: ഐപിഎല്ലില്‍ ശുഭ്മാന്‍ ഗില്ലിന്റെ കിടിലന്‍ അര്‍ധസെഞ്ചുറിയുടെയും രാഹുല്‍ തെവാട്ടിയയുടെ സൂപ്പര്‍മാന്‍ പ്രകടനത്തിന്റെയും ഫലമായി ഗുജറാത്ത് ടൈറ്റന്‍സിന് തുടര്‍ച്ചയായ മൂന്നാം ജയം. പഞ്ചാബ് കിംഗ്സ് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ തെവാട്ടിയ പറത്തിയ സിക്‌സിലൂടെ ഗുജറാത്ത് ടൈറ്റന്‍സ് മറികടന്നു.

ഒഡീന്‍ സ്മിത്ത് എറിഞ്ഞ അവസാന ഓവറില്‍ 19 റണ്‍സും അവസാന രണ്ട് പന്തില്‍ 12 റണ്‍സുമായിരുന്നു ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്ത് വൈഡായി. രണ്ടാം പന്ത് നേരിട്ട ഡേവിഡ് മില്ലര്‍ക്ക് പന്ത് ബാറ്റില്‍ കൊള്ളിക്കാനായില്ല. ബൈ റണ്ണിനോടിയ ഹാര്‍ദ്ദിക് പാണ്ഡ്യയെ ജോണി ബെയര്‍‌സ്റ്റോ റണ്ണൗട്ടാക്കി. രണ്ടാം പന്തില്‍ രാഹുല്‍ തെവാട്ടിയ സിംഗിളെടുത്തു. മൂന്നാം പന്തില്‍ ഡേവിഡ് മില്ലര്‍ ബൗണ്ടറിയടിച്ചു. നാലാം പന്തില്‍ വീണ്ടും സിംഗിള്‍. അഞ്ചാം പന്തില്‍ തെവാട്ടിയയുടെ സിക്‌സര്‍. ലക്ഷ്യം ഒരു പന്തില്‍ ആറ് റണ്‍സ്. അവസാന പന്തും സിക്‌സിന് പറത്തി തെവാട്ടിയ ഗുജറാത്തിന് അവിശ്വസനീയ ജയം സമ്മാനിച്ചു.

59 പന്തില്‍ 96 റണ്‍സെടുത്ത ഗില്‍ പത്തൊമ്പതാം ഓവറില്‍ പുറത്തായി. അവസാന ഓവറിലെ ആദ്യ പന്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ റണ്ണൗട്ടായതോടെ ഗുജറാത്ത് തോല്‍വി ഉറപ്പിച്ചുവെങ്കിലും തെവാട്ടിയയുടെ ഫിനിഷിംഗ് ഗുജറാത്തിന് ത്രില്ലിംഗ് ജയം സമ്മാനിച്ചു.