ന്യൂഡൽഹി: സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ കോൺഗ്രസ് നേതാവ് കെ വി തോമസ് പങ്കെടുത്തേക്കും. ഐ ഐ സി സി വിലക്ക് ലംഘിച്ച് കെ വി തോമസ് സെമിനാറിൽ പങ്കെടുക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം സംബന്ധിച്ച അന്തിമ തീരുമാനം വ്യാഴാഴ്ച്ച രാവിലെ 11 മണിയ്ക്ക് കൊച്ചിയിൽ വെച്ച് പറയുമെന്ന് കെ വി തോമസ് വ്യക്തമാക്കി. അതേസമയം, കെ വി തോമസിന് ശക്തമായ മുന്നറിയിപ്പുമായി കോൺഗ്രസ് സംസ്ഥാന നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.
പാർട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലേ കെ.വി.തോമസ് സിപിഎം സെമിനാറിൽ പങ്കെടുക്കൂവെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ കെ.വി.തോമസ് പങ്കെടുക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് രാവിലെയും കെ വി തോമസിനോട് സംസാരിച്ചിരുന്നു. സെമിനാറിൽ പങ്കെടുക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നാണ് കെ വി തോമസ് തന്നോട് പറഞ്ഞത്. പാർട്ടി നിലപാടിനൊപ്പം കെ വി തോമസ് നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്ഡഹിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ദേശീയ തലത്തിലെ നിലപാടല്ല കേരളത്തിൽ സി പിഎമ്മിന്. അവരോട് സഖ്യത്തിന്റെ ആവശ്യമില്ല. സ്വന്തം പാർട്ടി പ്രവർത്തകരുടെ ചോര വീണ മണ്ണിൽ സിപിഎമ്മുമായി കൈ കൊടുക്കാൻ കഴിയില്ലെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.
സിപിഎമ്മിന്റെ പ്രണയ തട്ടിപ്പിൽ കെ.വി തോമസ് ദയവായി കുടുങ്ങരുതെന്നാണ് ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം. പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം. യൗവ്വനം മുതൽ ഇഎംഎസ് ഉൾപ്പെടെയുള്ളവർ തന്നെ സിപിഎം വേദികളിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്റ്റേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോദ്ധ്യപ്പെട്ടത്. ആ മരണക്കെണിയിൽ ഇരുപതു വർഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥർ ഒരിക്കലും പട്ടിണിക്കിടാറില്ല. കോൺഗ്രസിന്റെ ജനാധിപത്യ സംസ്‌ക്കാരത്തിൽ ജനിച്ചു വളർന്ന കെ.വി.തോമസിന് സിപിഎമ്മിന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

