കൊച്ചി: 23-ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ തുടക്കമിടുമ്പോള്‍ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ദേശീയ തലത്തില്‍ ബിജെപിയെ പ്രതിരോധിക്കാനായി പുതിയ തന്ത്രങ്ങള്‍ക്കും സഖ്യസാധ്യതകള്‍ക്കും രൂപം നല്‍കുകയായിരിക്കും പുതിയ കേന്ദ്ര നേതൃത്വത്തിന്റെ ചുമതല. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മതേതര പാര്‍ട്ടികളുമായി സഹകരിക്കാനാണ് സിപിഎമ്മിന്റെ നീക്കം.
അതേസമയം, നിലവിലെ സാഹചര്യത്തില്‍ ബിജെപിയ്‌ക്കെതിരെ പൊരുതാന്‍ കോണ്‍ഗ്രസിനു ശേഷിയില്ലെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ബിജെപിയ്‌ക്കെതിരെ വിശാലമായ മതേതര സഖ്യത്തിനാണ് പാര്‍ട്ടി തയ്യാറെടുക്കുന്നത്. ഡിഎംകെ, ആം ആദ്മി പാര്‍ട്ടി, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പ്രാദേശിക പാര്‍ട്ടികള്‍ ഭരണഘടനയിലെ ഫെഡറല്‍ തത്വങ്ങള്‍ കാത്തുസൂക്ഷിക്കാനായി ബിജെപിയ്‌ക്കെതിരെ പൊരുതാനായി ഒന്നിക്കണം. ഇതിന്റെ നേതൃചുമതല ഏല്‍പ്പിച്ചിരിക്കുന്നത് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെയാണെന്ന് യെച്ചൂരി പറഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ബിജെപി ശക്തി പ്രാപിച്ചതോടെ 1990കളിലാണ് കോണ്‍ഗ്രസുമായി നീക്കുപോക്കാകാം എന്ന നിലപാടില്‍ സിപിഎം എത്തിയത്. എന്നാല്‍, കോണ്‍ഗ്രസുമായുള്ള സൗഹൃദം തുടരുന്നത് സിപിഎമ്മിനു ഗുണം ചെയ്യില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ലോക്‌സഭയില്‍ സിപിഎമ്മിന് ഏറ്റവുമധികം സീറ്റുകള്‍ നേടാന്‍ കഴിഞ്ഞ 2004 കോണ്‍ഗ്രസിനും സുവര്‍ണകാലമായിരുന്നു. പിന്നീട് ത്രിപുരയും പശ്ചിമ ബംഗാളും നഷ്ടമായതോടെ കേരളത്തില്‍ മാത്രമായി സിപിഎം ഒതുങ്ങി. പാര്‍ട്ടിയ്ക്കുണ്ടായ തിരിച്ചടികള്‍ അംഗീകരിച്ചു കൊണ്ടു തന്നെ ഇതില്‍ നിന്നു കരകയറാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. എന്നാല്‍, കോണ്‍ഗ്രസിനു സവിശേഷ പരിഗണന നല്‍കേണ്ടതില്ലെന്നാണ് സിപിഎം നേതാക്കളുടെ കൂട്ടായ തീരുമാനം.

