കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മറ്റെല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചെന്ന് ചൂണ്ടിക്കാട്ടി ഒന്നാം പ്രതി പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീംകോടതിയില്‍.
കേസിലെ തുടരന്വേഷണത്തില്‍ ഇനിയും നിരവധി സാക്ഷികളെ വിസ്തരിക്കേണ്ടി വരുന്നതിനാല്‍ കേസുമായി ബന്ധപ്പെട്ട നടപടികള്‍ അനന്തമായി നീണ്ടേക്കും. അതിനാല്‍, സമീപകാലത്തൊന്നും വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധ്യതയില്ലെന്നും തനിക്ക് ജാമ്യം നല്‍കണമെന്നുമാണ് പ്രതിയുടെ ആവശ്യം.
അതേസമയം, കേസിലെ നാലാം പ്രതി വിജീഷിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിജീഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ജാമ്യം നല്‍കാതെ ജയിലില്‍ പാര്‍പ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിജീഷിനും കൂടി ജാമ്യം ലഭിച്ചതോടെ കേസില്‍ പള്‍സര്‍ സുനി മാത്രമാണ് ജയിലിലുള്ളത്. പലതവണ സുനി ജാമ്യാപേക്ഷ നല്‍കിയെങ്കിലും അതെല്ലാം കോടതി തള്ളുകയായിരുന്നു.

