കൊച്ചി: സ്ലീപ്പർ സെല്ലുകളെ ഉപയോഗിച്ച് ലഹരി വിൽപനയും കൈമാറ്റവും നടത്തിയ കേസിൽ നിർണായക കണ്ടെത്തലുകളുമായി എക്‌സൈസ്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഐ.ടി വിദഗ്ദ്ധന് മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നത് മലയാളിയാണെന്ന് എക്സൈസിന് വിവരം ലഭിച്ചു. ‘ഇക്ക’യെന്നാണ് ഇയാൾ ലഹരി സംഘങ്ങൾക്കിടയിൽ അറിയപ്പെടുന്നതെന്നും എക്‌സൈസ് കണ്ടെത്തി.
കൊച്ചി സ്വദേശിയാണെങ്കിലും ഇക്ക എന്നറിയപ്പെടുന്ന വ്യക്തിയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബംഗളൂരുവിൽ നിന്ന് ഇടനിലക്കാരന്റെ സഹായത്തോടെ ലഹരി എത്തിച്ചിരുന്നുവെന്നാണ് കേസിൽ അറസ്റ്റിലായ ഹരികൃഷ്ണൻ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. ബി.ടെക്ക് വിദ്യാർത്ഥിയായ ഹരികൃഷ്ണൻ നേരിട്ട് വില്പനയ്ക്കിറങ്ങാതെ ലഹരിപ്പൊതികൾ വഴിയരികിലുൾപ്പെടെ സുരക്ഷിതമായി വച്ച് സംഘാംഗങ്ങൾക്ക് ലോക്കേഷൻ അയച്ചു നൽകിയാണ് ഇടപാട് നടത്തിയിരുന്നത്.
ടെലിഗ്രാം ആപ്പ് പ്രത്യേകം സജ്ജമാക്കിയായിരുന്നു ലഹരി ഇടപാട് സംബന്ധിച്ച ആശയവിനിമയം. രാത്രി ഏഴ് മുതൽ പത്തുവരെയുള്ള സമയങ്ങളിൽ നഗരത്തിൽ കറങ്ങി നടന്നായിരുന്നു ഹരികൃഷ്ണൻ വിൽപ്പന നിയന്ത്രിച്ചിരുന്നത്. അന്വേഷണം തന്നിലേക്ക് നീളാതിരിക്കാൻ വേണ്ട എല്ലാ മുൻകരുതലുകളും ഇയാൾ സ്വീകരിച്ചിരുന്നു. മയക്കുമരുന്നുമായി പിടിയിലായ യുവാക്കൾ നൽകിയ വിവരത്തിന് പിന്നാലെ എക്സൈസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഹരികൃഷ്ണനെ പിടികൂടിയത്. കടത്തുകാരെ നിയോഗിച്ച് ബംഗളൂരുവിൽ നിന്നു തന്നെയാണ് ഇക്കയും മയക്കുമരുന്ന് കൊണ്ടുവന്നിട്ടുള്ളതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. പിന്നീടിത് ഹരികൃഷ്ണനുൾപ്പെടെയുള്ളവർക്ക് കൈമാറും. കൈനിറയെ കടത്ത് കമ്മിഷൻ കിട്ടിയിരുന്നതിനാൽ യുവാക്കളുൾപ്പെടെ ഒരു സംഘം തന്നെ ഇക്കയ്ക്കുവേണ്ടി ലഹരി എത്തിച്ചിട്ടുണ്ട്.
നൈറ്റ് റൈഡേഴ്‌സ് ടാസ്‌ക് ടീം എന്ന് പേരിൽ സംഘമുണ്ടാക്കിയായിരുന്നു ഹരികൃഷ്ണൻ ലഹരിക്കച്ചവടം നടത്തിയിരുന്നത്. 100 ലധികം പേർ ഈ സംഘത്തിലുണ്ടായിരുന്നുവെന്നും എക്‌സൈസ് കണ്ടെത്തി.

