തിരുവനന്തപുരം: ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവിന്റെ പ്രിയപ്പെട്ട കാര്‍ ഇനി പ്രമുഖ വ്യവസായി എം.എ യൂസഫലിക്ക് സ്വന്തം. തിരിച്ചു നല്‍കിയാല്‍ പുതിയ രണ്ടെണ്ണം തരാമെന്ന് ബെന്‍സ് കമ്പനി പറഞ്ഞിട്ടും മാര്‍ത്താണ്ഡ വര്‍മ്മ കാര്‍ കൈവിട്ടിരുന്നില്ല. ഈ കാര്‍ യൂസഫലിക്ക് സമ്മാനിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്.
ഉത്രാടം തിരുനാള്‍ വിടവാങ്ങിയതോടെ മകന്‍ പത്മനാഭ വര്‍മ്മയുടെയും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ ഫൗണ്ടേഷന്റെയും സംരക്ഷണയിലായിരുന്നു ഈ കാര്‍. 2021ല്‍ ഉത്രാടം തിരുനാളിന്റെ ക്ഷണപ്രകാരം പട്ടം കൊട്ടാരത്തില്‍ യൂസഫലി എത്തിയപ്പോള്‍ രാജാവ് ആഗ്രഹം നേരിട്ടറിയിക്കുകയും, അതിനെ തുടര്‍ന്നാണ് വൈകാതെ കാര്‍ യൂസഫലിക്ക് നല്‍കാന്‍ രാജകുടുംബം തീരുമാനിക്കുന്നത്.
12000 രൂപക്കാണ് 1950 കാലഘട്ടത്തില്‍ ജര്‍മ്മനിയിലെ സ്റ്റുട്ട്ഗര്‍ട്ടില്‍ നിര്‍മ്മിച്ച കാര്‍ രാജകുടുംബം സ്വന്തമാക്കിയത്. ബംഗളൂരുവില്‍ താമസിക്കുമ്പോള്‍ മാര്‍ത്താണ്ഡ വര്‍മ്മ സവാരി നടത്തിയിരുന്നത് ഈ പ്രിയപ്പെട്ട ബെന്‍സിലായിരുന്നു. 38 വയസ് മുതല്‍ 40 ലക്ഷം മൈലുകള്‍ അദ്ദേഹം സഞ്ചരിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 23 ലക്ഷം മൈലും ഈ കാറിലായിരുന്നു. 85 വയസിലും അദ്ദേഹം ഈ കാര്‍ ഓടിച്ചിരുന്നു.

