ന്യൂഡൽഹി: കെ റെയിൽ പദ്ധതിയിൽ ഭരണഘടനാ വിരുദ്ധമായി എന്തെങ്കിലും കണ്ടാൽ ഇടപെടുമെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. അതേസമയം, ഗവർണർ നിയമനം സംബന്ധിച്ച സ്വകാര്യ ബില്ലിൽ പ്രതികരിക്കാൻ ഗവർണർ തയ്യാറായില്ല. ബില്ല് അവതരിപ്പിക്കാൻ എല്ലാ അംഗങ്ങൾക്കും അവകാശം ഉണ്ടെന്നാണ് ഗവർണറുടെ നിലപാട്.
സംസ്ഥാനങ്ങളിലെ ഗവർണർ നിയമനത്തിൽ ഭരണഘടനാ ഭേദഗതി നിർദ്ദേശിച്ച് സിപിഎമ്മാണ് രാജ്യസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചത്. കേരളത്തിൽ സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ അഭിപ്രായ ഭിന്നതയും തർക്കവും രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഗവർണർ നിയമന വിഷയം സിപിഎം ദേശീയ തലത്തിൽ ചർച്ച ചെയ്യുന്നത്. ഓരോ സംസ്ഥാനങ്ങളിലും അതതിടത്തെ എംഎൽഎമാർ, തദ്ദേശ സ്വയം ഭരണ പ്രതിനിധികൾ എന്നിവർ ചേർന്ന് ഗവർണറെ തെരഞ്ഞെടുക്കണമെന്ന ഭേദഗതി നിർദ്ദേശമാണ് സിപിഎം മുന്നോട്ട് വെച്ചത്. സിപിഎം എംപി വി ശിവദാസനാണ് ഇതുസംബന്ധിച്ച ബില്ല് അവതരിപ്പിച്ചത്. 153, 155, 156 അനുച്ഛേദങ്ങൾ ദേദഗതി ചെയ്യാനുള്ള നിർദേശങ്ങൾ ബില്ല് മുന്നോട്ടുവെക്കുന്നു.
ഗവർണർമാർ സംസ്ഥാനങ്ങളുടെ താൽപര്യമനുസരിച്ച് പ്രവർത്തിച്ചില്ലെങ്കിൽ പിൻവലിക്കാൻ നിയമസഭക്ക് അധികാരം നൽകണമെന്നും ബില്ലിൽ ആവശ്യപ്പെടുന്നു. ഒരു ഗവർണ്ണർക്ക് ഒന്നിലധികം സംസ്ഥാനങ്ങളിൽ ചുമതല നൽകരുതെന്നും, കാലാവധി നീട്ടി നൽകരുതെന്നും ബില്ലിൽ പറയുന്നു.

