കേന്ദ്ര വിഹിതം നോക്കിയിരുന്നാൽ കേരളം പാപ്പരാകും; കോടിയേരി ബാലകൃഷ്ണൻ

തലശേരി: കേന്ദ്ര വിഹിതം നോക്കിയിരുന്നാൽ കേരളം പാപ്പരാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേന്ദ്രവിഹിതം അടിക്കടി വെട്ടിക്കുറയ്ക്കുന്ന സാഹചര്യത്തിൽ കേരളം പുതിയ ധനാഗമന മാർഗങ്ങൾ തേടണമെന്ന് അദ്ദേഹം പറഞ്ഞു. നവകേരളം പടുത്തുയർത്താൻ കാശ് വേണം. കേന്ദ്രത്തിൽ നിന്നും അർഹമായ വിഹിതം പോലും കിട്ടുന്നില്ല എന്ന് മാത്രമല്ല ഇനിയും വലിയ കുറവ് പ്രതീക്ഷിക്കാമെന്നും ഈ സാഹചര്യത്തിൽ സ്വകാര്യ സംരംഭങ്ങളെയും പ്രയോജനപ്പെടുത്തേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ‘നവകേരളവും ഇടതുപക്ഷ സർക്കാരുകളും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് കിഫ്ബി വഴി 70,000 കോടി രൂപയുടെ പ്രവർത്തനമാണ് സർക്കാർ സംഘടിപ്പിച്ചത്. ഇത്തരത്തിൽ പുതിയ രീതികൾ അവലംബിക്കണം. അസാധ്യമെന്ന് കരുതിയത് സാധ്യമാക്കിയാണ് ഒന്നാം പിണറായി സർക്കാർ ഭരണം പൂർത്തിയാക്കിയത്. നാടിന്റെ വികസനം ഉറപ്പാക്കുന്നതിനൊപ്പം പരമ ദരിദ്രരെ കരകയറ്റുകയാണ് എൽഡിഎഫ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം അറിയിച്ചു. പ്രതിപക്ഷത്തിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. മൂന്നാം ഇടതുപക്ഷ സർക്കാർ വരാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് പ്രതിപക്ഷം കുത്തിത്തിരിപ്പിനിറങ്ങിയിരിക്കുന്നതെന്നും ഭാവി വികസനം തടസ്സപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം വിമർശിച്ചു.

കേരളത്തിൽ ഇടതുപക്ഷത്തിന്റെ ശക്തമായ ബഹുജനാടിത്തറ അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമമാണ് വലതുപക്ഷ ശക്തികൾ നടത്തുന്നത്. കേന്ദ്രത്തിൽ ബിജെപിക്ക് ബദൽ സാധ്യമാകണമെങ്കിൽ രാജ്യവ്യാപകമായി ഇടതുപക്ഷ സ്വാധീനം വർധിക്കണം. സ്വാധീനം നഷ്ടമായ സംസ്ഥാനങ്ങളിൽ തിരിച്ചുപിടിക്കണം. ബിജെപിക്കെതിരായ ബദൽ കെട്ടിപ്പടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് മാർഗനിർദ്ദേശം നൽകുന്നതാകും പാർട്ടി കോൺഗ്രസെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.