ഇന്ത്യ-നേപ്പാള്‍ ബന്ധം പ്രധാനം; ഇന്ത്യയില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്ത് നേപ്പാള്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യ-നേപ്പാള്‍ ബന്ധത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായി നേപ്പാള്‍ പ്രധാനമന്ത്രി ശേര്‍ ബഹാദുര്‍ ദുബെ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയും നേപ്പാള്‍ ശേര്‍ ബാഹാദുര്‍ ദുബെയും ചേര്‍ന്നാണ് ട്രെയിന്‍ സര്‍വീസിന് തുടക്കമിട്ടത്. മോദിയാണ് ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്തത്.

ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് നാല് കിലോമീറ്റര്‍ മാത്രം അകലെയുള്ള ബീഹാറിലെ ജയനഗറില്‍ നിന്ന് നേപ്പാളിലേക്ക് ജനക്പൂരിലെ കുര്‍ത്തയിലേക്കാണ് സര്‍വീസ്. തീര്‍ത്ഥാടകരെ ലക്ഷ്യമിട്ടാണ് പ്രധാനമായും ഈ പാത നിര്‍മിച്ചിരിക്കുന്നത്. എട്ട് സ്റ്റേഷനുകളില്‍ ആറിടത്ത് ട്രെയിന്‍ നിര്‍ത്തും. 47 റോഡ് ക്രോസിങ്ങുകള്‍ ഈ പാതയിലുണ്ട്. 127 ചെറുപാലങ്ങളും 15 വലിയ പാലങ്ങളും നിര്‍മിച്ചിരിക്കുന്ന ഈ പാത 34.9 കിലോമീറ്ററാണ്. ജയനഗര്‍- ബിജാല്‍പുര റെയില്‍സര്‍വീസ് 1937ല്‍ ബ്രിട്ടീഷുകാരാണ് തുടങ്ങിയത്. നേപ്പാളിലെ പ്രളയം കാരണം 2001ല്‍ ഇത് നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്. 1000 കോടി രൂപ ചെലവിട്ടാണ് ഇന്ത്യ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് യാത്ര ചെയ്യണമെങ്കില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ ഒരു തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ട്രെയിന്‍ ഉദ്ഘാടനത്തിനും നയതന്ത്ര ചര്‍ച്ചകള്‍ക്കുമായി മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനാണ് നേപ്പാള്‍ പ്രധാനമന്ത്രി എത്തിയത്. ഇന്ത്യയും നേപ്പാളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ ചര്‍ച്ച നടത്തിയായി ഇരു നേതാക്കളും അറിയിച്ചു. ഇരു രാജ്യങ്ങളും നിരവധി കരാറുകളില്‍ ഒപ്പു വെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ദുബെയും ചേര്‍ന്ന് നേപ്പാളില്‍ റുപേയും ആരംഭിച്ചു.