ചരിത്ര നേട്ടം; ബിജെപിയുടെ രാജ്യസഭാംഗങ്ങളുടെ എണ്ണം 100 കടന്നു

ന്യൂഡൽഹി: ബിജെപിയുടെ രാജ്യസഭാംഗങ്ങളുടെ എണ്ണം 100 കടന്നു. 101 അംഗങ്ങളാണ് നിലവിൽ ബിജെപിയ്ക്ക് രാജ്യസഭയിലുള്ളത്. മാർച്ച് 31 ന് നടന്ന തെരഞ്ഞെടുപ്പിൽ നാല് അംഗങ്ങളെ വിജയിച്ചതോടെയാണ് രാജ്യസഭയിൽ ബിജെപിയുടെ അംഗസംഖ്യ 100 കടന്നത്. 1988 ന് ശേഷം രാജ്യസഭയിൽ ഒരു പാർട്ടിക്കും 100 അംഗങ്ങളെ തികയ്ക്കാൻ സാധിച്ചിട്ടില്ല. ഈ നേട്ടമാണ് ബിജെപി സ്വന്തമാക്കിയത്.

അസം, ത്രിപുര, നാഗാലാൻഡ് എന്നീ മൂന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും ഹിമാചൽ പ്രദേശിൽ നിന്നുമാണ് മാർച്ച് 31 ന് ബിജെപിയുടെ നാല് അംഗങ്ങൾ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇവർക്ക് പുറമെ അസമിലെ ബിജെപിയുടെ സഖ്യകക്ഷിയായ യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറിലിന്റെ (യുപിപിഎൽ) ഒരു സ്ഥാനാർഥിയും വിജയിച്ചു. ഇത്തവണ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് കോൺഗ്രസിന് ഒരു അംഗം പോലുമില്ല. ആറ് സംസ്ഥാനങ്ങളിൽ നിന്നായി 13 രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

അതേസമയം, പഞ്ചാബിലെ അഞ്ച് സീറ്റുകളിലും ആം ആദ്മി പാർട്ടിയാണ് വിജയിച്ചത്.