കാലാവധി പൂർത്തിയാക്കി രാജ്യസഭയുടെ പടിയിറങ്ങുന്നത് 72 എംപിമാർ; യാത്രയയപ്പ് നൽകി എംപിമാർ

ന്യൂഡൽഹി: കാലാവധി പൂർത്തിയാക്കി രാജ്യസഭയുടെ പടിയിറങ്ങുന്നത് 72 എംപിമാർ. എ കെ ആന്റണി ഉൾപ്പെടെയുള്ളവരുടെ കാലാവധിയാണ് പൂർത്തിയാകുന്നത്. അനുഭവമാണ് അറിവിനേക്കാൾ വലുതെന്നും എംപിമാരുടെ സംഭാവനകൾ രാജ്യത്തിന് പ്രചോദനമാകുമെന്നും രാജ്യസഭയിലെ യാത്രയയപ്പ് പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.

അടുത്ത നാല് മാസത്തിനകം കാലാവധി പൂർത്തിയാക്കുന്ന 72 എംപിമാർക്കാണ് കഴിഞ്ഞ ദിവസം രാജ്യസഭയിൽ കൂട്ട യാത്രയയപ്പ് നൽകിയത്. ഔദ്യോഗിക അജണ്ടകളൊന്നുമില്ലാതെ ഇന്നത്തെ ദിവസം വിടവാങ്ങൽ പ്രസംഗത്തിനായി മാറ്റി വച്ച രാജ്യസഭയിലെ എംപിമാർ സഹപ്രവർത്തകർക്ക് വിട ചൊല്ലിയത്. എംപിമാരുടെ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്നും അവരിൽ നിന്ന് ധാരാളം പഠിക്കാനായെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കുറച്ച് സംസാരിക്കുകയും, കൂടുതൽ കാര്യങ്ങൾ ചെയ്യുന്നയാളാണ് എ.കെ.ആന്റണിയെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ അറിയിച്ചു. ചെയ്യുന്ന കാര്യങ്ങളുടെ ക്രെഡിറ്റ് ഏറ്റെടുക്കുന്നയാളല്ല ആന്റണിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എ കെ ആന്റണി, സോമ പ്രസാദ്, ശ്രേയാംസ് കുമാർ എന്നിവരുടെ കാലാവധിയാണ് ആദ്യം പൂർത്തിയാകുക. പീന്നീട് സുരേഷ് ഗോപിയുടെയും ജുലൈ മാസം അൽഫോൺസ് കണ്ണന്താനത്തിന്റെയും കാലാവധി അവസാനിക്കും.