വില്‍ സ്മിത്ത് മുഖത്തടിച്ച അവതാരകന്‍ ക്രിസ് റോക്കിനോട് മാപ്പ് പറഞ്ഞ് ഓസ്‌കര്‍ അക്കാദമി

ഓസ്‌കര്‍ പുരസ്‌കാര വിതരണ ചടങ്ങില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട വില്‍ സ്മിത്ത് മുഖത്തടിച്ച അവതാരകനും കൊമേഡിയനുമായ ക്രിസ് റോക്കിനോട് മാപ്പ് പറഞ്ഞ് ഓസ്‌കര്‍ അക്കാദമി. ‘വേദിയില്‍ അനുഭവിച്ചതിന് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. ആ സമയത്ത് കാണിച്ച സഹിഷ്ണുതയില്‍ നന്ദിയുണ്ട്’-അക്കാദമി പറഞ്ഞു. സംഭവത്തില്‍ വില്‍ സ്മിത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അക്കാദമി പറഞ്ഞു.

വില്‍ സ്മിത്തിന് സിനിമകളില്‍ നിന്നുള്ള വിലക്ക് നേരിടേണ്ടി വരും. സംഭവത്തിനു ശേഷം വില്‍ സ്മിത്തിനോട് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ല. ഏപ്രില്‍ 18ന് ചേരുന്ന യോഗത്തില്‍ വില്‍ സ്മിത്തിനെതിരെ വോട്ടെടുപ്പിലൂടെ നടപടി സ്വീകരിക്കും. അടുത്ത 15 ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാം എന്നും അക്കാദമി വ്യക്തമാക്കി.

അതേസമയം, സംഭവത്തിനു പിന്നാലെ ക്രിസ് റോക്കിന്റെ കോമഡി ഷോയുടെ ടിക്കറ്റുകള്‍ക്കുള്ള വില വളരെ ഉയര്‍ന്നിരുന്നു. മാര്‍ച്ച് 18 ന് ടിക്കറ്റ് നിരക്ക് 46 ഡോളറില്‍ നിന്ന് 341 ഡോളറായി ഉയര്‍ന്നു. നിറഞ്ഞ സദസ്സില്‍ കഴിഞ്ഞ ദിവസം ബോസ്റ്റണില്‍ നടത്തിയ ഷോയില്‍ ക്രിസ് റോക്കിനെ കാഴ്ചക്കാര്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ആദരിച്ചിരുന്നു. ജേഡ പിങ്കറ്റ് സ്മിത്തിന്റെ അലൊപേഷ്യ രോഗാവസ്ഥയെ ക്രിസ് റോക്ക് കളിയാക്കിയതാണ് വില്‍ സ്മിത്ത് ക്ഷോഭിതനാവാന്‍ കാരണം.