മഞ്ചേരി നഗരസഭ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; ഒരാള്‍ കൂടി പിടിയില്‍

മലപ്പുറം: മഞ്ചേരി നഗരസഭ കൗണ്‍സിലര്‍ അബ്ദുള്‍ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളായ നെല്ലിക്കുത്ത് സ്വദേശി ഷംസീര്‍ പിടിയില്‍. കേസിലെ മറ്റൊരു പ്രതിയായ അബ്ദുള്‍ മജീദിനെ ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു

കേസിലെ മറ്റൊരു പ്രതിയായ ഷുഹൈബിന് (കൊച്ചു) വേണ്ടി അന്വേഷണം തുടരുകയാണ്. ഇയാള്‍ ഒളിവിലാണ്. ചൊവ്വാഴ്ച രാത്രി വാഹന പാര്‍ക്കിങ്ങിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തര്‍ക്കമുണ്ടായ ശേഷം മജീദും ഷുഹൈബും ജലീലിന്റെ വാഹനത്തെ ബൈക്കില്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. അബ്ദുള്‍ ജലീലടക്കമുള്ള മൂന്ന് പേര്‍ കാറിലാണ് ഉണ്ടായിരുന്നത്. തലയ്ക്ക് വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ജലീല്‍ ബുധനാഴ്ച രാത്രി ഏഴരയോടെയാണ് മരിച്ചത്. തലക്കും നെറ്റിയിലുമുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണം.

കൗണ്‍സിലറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഞ്ചേരി നഗരസഭാ പരിധിയില്‍ യുഡിഎഫ് ഇന്ന് രാവിലെ ആറ് മുതല്‍ ഉച്ചക്ക് ഒരു മണി വരെ ഹര്‍ത്താല്‍ ആചരിക്കുകയാണ്.