സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കാൻസർ ചികിത്സ; സർക്കാരിന്റെ വിവിധ പദ്ധതികൾ അറിയാം

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കാൻസർ ചികിത്സയ്ക്ക് ലഭ്യമാക്കുന്നതിന് സർക്കാർ പല പദ്ധതികളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി, കാൻസർ സുരക്ഷാ പദ്ധതി, പട്ടികവർഗ വിഭാഗക്കാർക്ക് ആരോഗ്യ സുരക്ഷാ പദ്ധതി, സൊസൈറ്റി ഫോർ മെഡിക്കൽ അസിസ്റ്റൻസ്, മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസ നിധി തുടങ്ങി വിവിധ പദ്ധതികളാണ് കാൻസർ രോഗികൾക്കായി സർക്കാർ ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി

ആയുഷ്മാൻ ഭാരത്- പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന കാർഡുള്ള കുടുംബത്തിന് ഒരു വർഷം പരമാവധി അഞ്ചുലക്ഷം രൂപവരെ ചികിത്സാസഹായം ലഭിക്കും. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് അർഹരല്ലാത്ത ബി.പി.എൽ. കുടുംബത്തിനും വാർഷികവരുമാനം മൂന്നുലക്ഷത്തിൽ താഴെയുള്ള എ.പി.എൽ. കുടുംബത്തിനും കാരുണ്യ ബനവലന്റ് ഫണ്ടിൽ നിന്ന് രണ്ടുലക്ഷം രൂപവരെ സഹായം ലഭിക്കും.

കാൻസർ സുരക്ഷാ പദ്ധതി

കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ 18 വയസ്സിൽ താഴെയുള്ള കാൻസർ ബാധിതരായ കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയാണിത്. രോഗം സ്ഥിരീകരിച്ച ശേഷം പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. അതത് ആശുപത്രികളിൽ നിയോഗിച്ചിട്ടുള്ള സാമൂഹികസുരക്ഷാ മിഷന്റെ കൗൺസലർമാർ നൽകുന്ന റിപ്പോർട്ട് അനുസരിച്ച് എ.പി.എൽ., ബി.പി.എൽ. വ്യത്യാസമില്ലാതെ പദ്ധതിയുടെ പ്രയോജനം ലഭിക്കും. എന്നാൽ കേന്ദ്ര/ സംസ്ഥാന സർക്കാർ ജീവനക്കാരുടെ മക്കൾ, മെഡിക്കൽ ഇൻഷുറൻസ്/ മെഡിക്കൽ സ്‌കീം പരിധിയിൽ വരുന്ന കുട്ടികൾ, പേവാർഡുകളിൽ ചികിത്സ തേടുന്ന കുട്ടികൾ എന്നിവർക്ക് കാൻസർ സുരക്ഷാ പദ്ധതിയുടെ സഹായം ലഭിക്കില്ല.

പട്ടികവർഗ വിഭാഗക്കാർക്ക് ആരോഗ്യ സുരക്ഷാപദ്ധതി

പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ആശുപത്രി വഴി വൈദ്യസഹായം നൽകുന്ന പദ്ധതി. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും സർക്കാർ മെഡിക്കൽ കോളേജുകളിലും പരിയാരം സഹകരണ മെഡിക്കൽ കോളേജ്, തലശ്ശേരി മലബാർ കാൻസർ സെന്റർ, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ എന്നിവിടങ്ങളിലും ഈ പദ്ധതി പ്രകാരം പട്ടികവർഗക്കാർക്ക് സൗജന്യ ചികിത്സ ലഭിക്കും.

സൊസൈറ്റി ഫോർ മെഡിക്കൽ അസിസ്റ്റൻസ്

ആരോഗ്യ- കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള ‘സൊസൈറ്റി ഫോർ മെഡിക്കൽ അസിസ്റ്റൻസ് ടു ദ പുവർ’ നിർധനരായ രോഗികൾക്ക് പരമാവധി അമ്പതിനായിരം രൂപ വരെ ചികിത്സാസഹായം നൽകുന്നു. പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള രോഗങ്ങളുടെയും ശസ്ത്രക്രിയകളുടെയും കൂട്ടത്തിൽ കാൻസർ ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷൻ, ട്യൂമർ റിമൂവൽ എന്നിവയുമുണ്ട്. അപേക്ഷാഫോമിന്റെ മാതൃകയും വിശദവിവരങ്ങളും www.dhs.kerala.gov.in എന്ന വെബ്സൈറ്റിൽ SMAP എന്ന ലിങ്കിൽ ലഭ്യമാണ്.

മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസ നിധി

മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും പേരിലുള്ള ദുരിതാശ്വാസ നിധികളിൽ നിന്ന് ചികിത്സാസഹായം ലഭിക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റും ഡോക്ടറുടെ സാക്ഷ്യപത്രവും സഹിതം അപേക്ഷിക്കണം. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷിക്കുമ്പോൾ വരുമാന സർട്ടിഫിക്കറ്റ് ഇംഗ്ലീഷിലായിരിക്കണമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.