ആരോഗ്യ സർവകലാശാല അവസാന വർഷ എംബിബിഎസ് പരീക്ഷ മാറ്റിവെക്കില്ല; വിദ്യാർത്ഥികളുടെ ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: ആരോഗ്യ സർവകലാശാലയുടെ അവസാന വർഷ എംബിബിഎസ് പരീക്ഷ മാറ്റിവെയ്ക്കില്ല. പരീക്ഷ മാറ്റി വയ്ക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം ഹൈക്കോടതി തള്ളി.

ആരോഗ്യ സർവകലാശാലാ സിലബസ് പ്രകാരം 792 മണിക്കൂർ ക്ലിനിക്കൽ ക്ലാസുകൾ നടന്നിട്ടില്ലെന്നും അതിനാൽ പരീക്ഷ മാറ്റിവെയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് എംബിബിഎസ് അവസാന വർഷ വിദ്യാർഥികൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

കോളജുകൾ പ്രസിദ്ധീകരിച്ച ടൈം ടേബിളുകൾ പരിശോധിക്കുമ്പോൾ 580 മണിക്കൂർ മാത്രമേ ക്ലാസ് നടന്നിട്ടുള്ളൂവെന്നാണ് വിദ്യാർത്ഥികൾ ഹർജിയിൽ പറയുന്നത്. എന്നാൽ ഏപ്രിലിൽ തന്നെ ക്ലാസുകൾ ആരംഭിച്ചെന്നും അധിക ക്ലാസെടുത്തെന്നുമാണ് സർവകലാശാല കോടതിയെ അറിയിച്ചത്.

എന്നാൽ, ഏപ്രിലിൽ ക്ലാസുകൾ തുടങ്ങാനോ അധികക്ലാസുകൾ എടുക്കാനോ ഉള്ള ഒരു നിർദേശവും സർവകലാശാലയിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും ഇത്തരത്തിൽ ക്ലാസുകൾ നടന്നിട്ടില്ലെന്നുമാണ് വിദ്യാർഥികൾ വ്യക്തമാക്കുന്നു.