ഐപിഎല്‍-2022ല്‍ സ്റ്റേഡിയത്തിന്റെ 25 ശതമാനം ശേഷിയില്‍ കാണികളെ അനുവദിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ കൂടുതല്‍ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുമെന്ന് റിപ്പോര്‍ട്ട്.
മഹാരാഷ്ട്രയിലെ നാല് വേദികളിലായി നടക്കുന്ന ടൂര്‍ണമെന്റിലേക്ക് 65 മുതല്‍ 70 ശതമാനം വരെ ശേഷിയില്‍ കാണികളെ അനുവദിച്ചേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളില്‍ സ്റ്റാന്‍ഡില്‍ നിന്ന് ഐപിഎല്‍ കാണാതെ പോയ ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷകരമായ വാര്‍ത്തയാകുമിത്.
2020-ല്‍, മുഴുവന്‍ സീസണും യുഎഇയില്‍ കളിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ആദ്യ ഘട്ടം ഇന്ത്യയില്‍ നടന്നത് പൂര്‍ണമായും അടഞ്ഞ സ്റ്റേഡിയത്തിലായിരുന്നു. പിന്നീട് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍ മാറ്റിവെക്കുകയും പിന്നാലെ രണ്ടാം ഘട്ടം വീണ്ടും യുഎഇയില്‍ അരങ്ങേറുകയുമായിരുന്നു.

