ബിജെപിയെ ഒറ്റക്കെട്ടായി നേരിടണം; മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് മമത

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിര്‍ഭൂം സംഘര്‍ഷത്തെ തുടര്‍ന്ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ബിജെപിയുടെ ആവശ്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി രാജ്യത്തെ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതി. രാജ്യത്തിന്റെ വ്യവസ്ഥാപിത ജനാധിപത്യത്തിന് നേരെയുള്ള ബിജെപി ആക്രമണങ്ങളിലെ തന്റെ ഉത്കണ്ഠ പ്രകടിപ്പിക്കാനാണ് താന്‍ ഈ കത്തെഴുതുന്നതെന്ന് മമത പറഞ്ഞു.

‘കേന്ദ്ര സര്‍ക്കാരിനെതിരെ ഏകീകൃതവും തത്വാധിഷ്ഠിതവുമായ ഒരു പ്രതിപക്ഷമാവാന്‍ നമുക്ക് ഒരുമിച്ച് പോരാടാം. രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുന്നു. സര്‍ക്കാരിനെതിരായ വിയോജിപ്പുകളെ അടിച്ചമര്‍ത്താന്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു. ജനങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമര്‍ത്തുന്ന ബിജെപി ഭരണത്തിനെതിരെ പോരാടാന്‍ രാജ്യത്തെ പുരോഗമന ശക്തികള്‍ ഒന്നിക്കണം. കേന്ദ്രത്തിലും ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അധികാരത്തിലുള്ള ബിജെപിക്കെതിരായ പോരാട്ടത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ഒരുമിച്ചു നില്‍ക്കണം. ബിജെപിയെ എങ്ങനെ ഒറ്റക്കെട്ടായി നേരിടാം എന്ന് ചര്‍ച്ച ചെയ്യാന്‍ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും യോഗം ചേരണം. എല്ലാ നേതാക്കള്‍ക്കും അനുയോജ്യമായ ഒരു സ്ഥലത്ത് വച്ച് ഒരു കൂടിക്കാഴ്ചയ്ക്ക് തയ്യാറാവാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു’- മമത വ്യക്തമാക്കി.