നൂറു കോടി ഡോളർ വായ്പയായി നൽകും; ശ്രീലങ്കയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യ

കൊളംബോ: ശ്രീലങ്കയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യ. ഭക്ഷണവും മരുന്നും ഉൾപ്പടെയുള്ള അവശ്യ വസ്തുക്കളുടെ ഇറക്കുമതിക്കായി നൂറു കോടി ഡോളർ ശ്രീലങ്കയ്ക്ക് വായ്പയായി നൽകാൻ ഇന്ത്യ തീരുമാനിച്ചു. കഴിഞ്ഞ മാസം പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങാൻ ഇന്ത്യ 50 കോടി ഡോളർ രാജ്യത്തിന് വായ്പ നൽകിയിരുന്നു. ഇതിനു പുറമേയാണ് പുതിയ തീരുമാനം.

ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രജപക്‌സെയും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും തമ്മിൽ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച്ചയിലാണ് സാമ്പത്തിക സഹായം സംബന്ധിച്ച തീരുമാനമുണ്ടായത്. മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് ജയ്ശങ്കർ ശ്രീലങ്കയിലെത്തിയത്. തങ്ങളും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് നാണയങ്ങളും സ്റ്റാമ്പുകളും പുറത്തിറക്കുന്നതുൾപ്പടെ നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

ശ്രീലങ്കയുടെ ഉന്നതനേതൃത്വവുമായി ഉഭയകക്ഷി ചർച്ചകൾ നടത്താനും ബംഗ്ലാദേശ്, മ്യാൻമർ, തായ്‌ലൻഡ്, നേപ്പാൾ, ഭൂട്ടാൻ ഉൾപ്പടെയുള്ള ഏഴു രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി സെക്ടറൽ എക്കണോമിക് കോ ഓപ്പറേഷൻ (ബിംസ്റ്റെക്) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനും വേണ്ടിയാണ് ജയ്ശങ്കർ ശ്രീലങ്കയിൽ എത്തിയത്.