കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്ന് ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തി ദിലീപ്. ബാലചന്ദ്ര കുമാറിന്റെ മൊഴിയെക്കുറിച്ച് അറിയില്ലെന്നും ദിലീപ് പറഞ്ഞു. കഴിഞ്ഞ ദിവസം അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് ദിലീപിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം ഏഴു മണിക്കൂർ നേരമാണ് ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.
ആലുവ പൊലീസ് ക്ലബിൽ ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ മേൽനോട്ടത്തിലായിരുന്നു ചോദ്യം ചെയ്യൽ. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടായിരുന്നോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് വീണ്ടും ചോദ്യം ചെയ്യൽ നടത്തുന്നത്.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യൽ പുരോഗമിക്കുക. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് കണ്ടെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ നിർണായക വെളിപ്പെടുത്തലിന് പിന്നാലെയാണ് അന്വേഷണ സംഘം തുടരന്വേഷണം ആരംഭിച്ചത്. ദിലീപ് ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയിലും തെളിവ് നശിപ്പിച്ചതിലും ദിലീപിന്റെ പങ്ക് തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

