തിരുവനന്തപുരം: പണിമുടക്കുന്ന ജീവനക്കാർ ജോലിക്ക് ഹാജരാകണമെന്ന് വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിച്ച് സർക്കാർ. ജീവനക്കാരുടെ പണിമുടക്ക് നേരിടുന്നതിന് വേണ്ടി സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിക്കുകയും ചെയ്തു. നേരത്തെ ഇക്കാര്യത്തിൽ അഡ്വക്കേറ്റ് ജനറലിനോട് സർക്കാർ നിയമോപദേശം തേടിയിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതിന് ശേഷമാണ് സർക്കാർ ഡയസ്‌നോൺ പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.
സർക്കാർ ഉദ്യോഗസ്ഥർ ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്നത് വിലക്കി തിങ്കളാഴ്ച്ച തന്നെ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണമെന്നായിരുന്നു കഴിഞ്ഞ ദിവസം കോടതിയുടെ നിർദ്ദേശം. ചീഫ് ജസ്റ്റിസ് എസ് മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി അറിയിച്ചു. ദേശീയ പണിമുടക്കിൽ ഡയസ്‌നോൺ പ്രഖ്യാപിക്കാത്തതിനെതിരെ തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത്.
പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ ഹൈക്കോടതി അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കരുതെന്ന് ജീവനക്കാരുടെ സർവീസ് റൂളിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് തടയാൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് ശരിയായ രീതിയല്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.

