കോവിഡ് കോളർ ട്യൂൺ അവസാനിപ്പിക്കാനൊരുങ്ങി സർക്കാർ

ന്യൂഡൽഹി: കോവിഡ് മഹാമാരി കാലത്ത് ജനങ്ങളിൽ അവബോധം വളർത്തുന്നതിനായി സർക്കാർ കൊണ്ടുവന്ന ഈ പ്രീ കോൾ സന്ദേശം അവസാനിപ്പിക്കാനൊരുങ്ങി സർക്കാർ. കോവിഡിന്റെ തുടക്കത്തിൽ എല്ലാവർക്കും കുറച്ച് കൗതുകം തോന്നിയിരുന്നെങ്കിലും പിന്നീട് ഫോൺവിളികൾക്ക് ഇതൊരു അരോചക സന്ദേശമായി മാറിയിരുന്നു. തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ നടപടി.

2020 മാർച്ച് മുതലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരം മൊബൈൽ ഫോൺ സേവനദാതാക്കൾ ഇത്തരത്തിലുള്ള സന്ദേശങ്ങൾ പ്രീ കോളായും കോളർ ട്യൂണായും ആളുകളെ കേൾപ്പിക്കാൻ തുടങ്ങിയത്. കോവിഡ് വ്യാപനത്തിൽ കുറവ് വന്നതോടെയാണ് കോവിഡ് കോളർട്യൂൺ അവസാനിപ്പിക്കുന്നത്.

കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക് കടക്കുന്നതിനിടെ അമിതാഭ് ബച്ചന്റെ ശബ്ദ സന്ദേശമായിട്ടാണ് ആദ്യം കോവിഡ് കോളർട്യൂൺ എത്തിയത്. പിന്നീട് പ്രാദേശിക ഭാഷകളിലും കോളർട്യൂൺ ലഭ്യമായിരുന്നു. കോളുകൾ കണക്ട് ചെയ്യുന്നതിന് കൂടുതൽ സമയമെടുക്കുന്നത് കാരണം കോളർ ട്യൂണുകൾ ആളുകൾക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. പരാതികൾ വർധിച്ചതോടെ ടെലികോം മന്ത്രാലയത്തിന്റെ അനുമതിയോടെ സേവനദാതാക്കൾ കോവിഡ് അവബോധ സന്ദേശം കേൾപ്പിക്കലിന്റെ തവണകൾ കുറച്ചിരുന്നു.