ന്യൂഡൽഹി: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പത്ത് ഫ്ലീറ്റ് മോഡ് ആണവ റിയാക്ടറുകൾ നിർമ്മിക്കാൻ തീരുമാനിച്ച് ഇന്ത്യ. കർണാടകയിലെ കൈഗയിൽ അടുത്ത വർഷം ആദ്യത്തെ റിയാക്ടർ നിർമാണത്തിന് തുടക്കമാകുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
കൈഗ യൂണിറ്റ് 5, 6 എന്നിവയുടെ നിർമാണം 2023 ൽ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഗോരഖ്പൂർ, ഹരിയാന, അനു വിദ്യുത് പ്രയോഞ്ജൻ യൂണിറ്റുകൾ 3, 4 എന്നിവയുടെ എഫ്പിസി 2024 ൽ നടക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
ആണവ റിയാക്ടറുകൾ നിർമ്മിക്കാനായി 1.05 ലക്ഷം കോടിയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. നിർമാണ ചെലവ് ലാഭിക്കുന്നതിനും സമയം കുറയ്ക്കുന്നതിനുമായിട്ടാണ് പത്ത് റിയാക്ടറുകൾക്ക് ഒരുമിച്ച് നിർമ്മിക്കാനുള്ള അനുമതി സർക്കാർ നൽകിയത്. അഞ്ച് വർഷത്തിനുള്ളിൽ ഫ്ലീറ്റ് മോഡിൽ ഒരു ആണവ നിലയം നിർമ്മിക്കാനും സർക്കാർ പദ്ധതിയിടുന്നു. ഇന്ത്യയിൽ നിലവിൽ 6780 മെഗാവാട്ട് ശേഷിയുള്ള 22 ആണവ റിയാക്ടറുകൾ പ്രവർത്തിക്കുന്നുണ്ട്.

