ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്. ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് കേന്ദ്ര സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കുന്നത്. മാർച്ച് 31 മുതൽ ഏപ്രിൽ ഏഴു വരെ മെഹംഗായി മുക്ത് ഭാരത് അഭിയാൻ എന്ന പേരിൽ രാജ്യത്തുടനീളം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. മൂന്നു ഘട്ടങ്ങളായി നടത്തുന്ന സമരപരിപാടികൾ നടത്തുക.
മാർച്ച് 31 ന് രാവിലെ 11 മണിക്ക് വീടുകൾക്ക് മുമ്പിലും പൊതുസ്ഥലങ്ങളിലും ഗ്യാസ് സിലിണ്ടറുകളിൽ മാലചാർത്തി പ്രതിഷേധിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. വിലക്കയറ്റത്തിൽ ഒരു മാറ്റവുമില്ലെന്നും തീയതി മാത്രമാണ് മാറുന്നതെന്നുമാണ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയുടെ ആരോപണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അദ്ദേഹം രൂക്ഷ വിമർശനവും ഉന്നയിച്ചു. നരേന്ദ്ര മോദി വോട്ട് ചെയ്ത ജനങ്ങളെ വഞ്ചിച്ചു. പൊതുജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണം. ബിജെപി സർക്കാർ അധികാരത്തിലേറിയതു മുതൽ രാജ്യം പിറകോട്ടാണ് പോകുന്നത്. പാചക വാതക സബ്സിഡി നിർത്തലാക്കിയ കേന്ദ്ര സർക്കാർ ഉത്തർ പ്രദേശിലെ സൗജന്യ എൽപിജി സിലിണ്ടർ വിതരണവും നിർത്തിവെച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. രാജാവ് കൊട്ടാരത്തിൽ തയ്യാറെടുക്കുകയാണെന്നും പ്രജകൾ വിലക്കയറ്റത്തിൽ പൊറുതിമുട്ടുകയാണെന്നും അദ്ദേഹം വിമർശിച്ചു.

