ലക്നൗ: ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 37 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഉത്തർപ്രദേശിൽ ഒരു മുഖ്യമന്ത്രി അധികാരം നിലനിർത്തുന്നത്. സംസ്ഥാനത്ത് ഭരണകാലാവധി തികച്ച് വീണ്ടും അധികാരമേറ്റ ആദ്യ മുഖ്യമന്ത്രിയും യോഗി ആദിത്യാനാഥ് തന്നെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത്ഷാ, രാജ്നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ മറ്റു മുതിർന്ന നേതാക്കൾ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി, ബോളിവുഡ് താരങ്ങൾ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
രണ്ട് ഉപമുഖ്യമന്ത്രിമാരാണ് ഇത്തവണ ഉത്തർപ്രദേശ് മന്ത്രിസഭയിലുള്ളത്. കേശവ് പ്രസാദ് മൗര്യയും ബ്രജേഷ് പഥക്കുമാണ് ഉപമുഖ്യമന്ത്രിമാർ. ആകെ 52 പേരാണ് രണ്ടാം യോഗി സർക്കാരിൽ അംഗമാവുന്നത്. ഇതിൽ 16 പേർക്ക് ക്യാബിനറ്റ് പദവി നൽകി. 14 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 20 സഹമന്ത്രിമാരും മന്ത്രിസഭയിലുണ്ട്. ഇതിൽ അഞ്ച് പേർ വനിതകളാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവ്, ജാഠവ സമുദായ നേതാവ് ബേബി റാണി മൗര്യ തുടങ്ങിയവരും മന്ത്രിസഭയിലുണ്ട്.
പതിനായിരങ്ങൾ പങ്കെടുത്ത ലഖ്നൗവിലെ അടൽ ബിഹാരി വാജ്പേയി സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അക്ഷയ് കുമാർ, കങ്കണ റണാവത്ത്, ബോണി കപൂർ തുടങ്ങിയ സിനിമാ താരങ്ങളെയും ക്ഷണിച്ചിരുന്നു. ദി കശ്മീർ ഫയൽസ് എന്ന ചിത്രത്തിലെ അണിയറപ്രവർത്തകരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.

